അനന്തരം; സുമനസുകളുടെ സഹായത്തിന് കാത്തുനിന്നില്ല; മകനെ തനിച്ചാക്കി സുധാകരൻ യാത്രയായി

മഹാരോഗങ്ങളോട് പൊരുതുന്നവർക്ക് സഹായമൊരുക്കുന്ന ഫ്‌ളവേഴ്‌സ് അനന്തരം പരിപാടിയിൽ പങ്കെടുത്ത കുന്നംകുളം സ്വദേശി സുധാകരൻ സുമനസുകളുടെ സഹായത്തിന് കാത്തുനിൽക്കാതെ യാത്രയായി. 54 വയസായിരുന്നു. ഇന്ന് രാവിലെയായിരുന്നു അദ്ദേഹത്തിന്റെ മരണം.

കഴിഞ്ഞ എട്ട് വർഷമായി എഴുന്നേറ്റ് നടക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു സുധാകരൻ. മകൻ മിഥുനൊപ്പം കുന്നംകുളത്തെ വാടക വീട്ടിലായിരുന്നു താമസം. കരിങ്കൽ തൊഴിലാളിയായിരുന്ന സുധാകരന്റെ കൈക്ക് ചുറ്റിക അടിച്ചുകൊണ്ട് പരുക്കേൽക്കുകയും അതേ തുടർന്ന് തരിപ്പ് അനുഭവപ്പെടുകയും ചെയ്തിരുന്നു. മെഡിക്കൽ കോളജിൽ ഉൾപ്പെടെ കാണിച്ച് ചികിത്സ തേടിയിരുന്നു. പിന്നീട് ലോട്ടറി വിൽപന നടത്തിയാണ് കുടുംബം പുലർത്തിയിരുന്നത്. ഇതിനിടെ അപ്രതീക്ഷിതമായി സംഭവിച്ച അപകടം സുധാകരന്റെ ശരീരത്തെ തളർത്തിക്കളഞ്ഞു. സംസാരശേഷിയും നഷ്ടപ്പെട്ടു.

അച്ഛൻ കിടപ്പിലായതോടെ ഒൻപതാം ക്ലാസിൽവച്ച് മിഥുൻ പഠനം നിർത്തി. ചെറിയ ജോലികൾ ചെയ്തായിരുന്നു സുധാകരന്റെ ചികിത്സയ്ക്കും മറ്റുമുള്ള തുക മിഥുൻ കണ്ടെത്തിയിരുന്നത്. ചാവക്കാട് കടപ്പുറം പുന്നയ്ക്കചാലിലുള്ള അക്ഷര കലാസാംസ്‌കാരിക വേദി സുധാകരന് അനന്തരം പരിപാടിയുടെ ഭാഗമായി വീൽചെയർ നൽകിയിരുന്നു. കൂടുതൽ സഹായങ്ങൾക്ക് കാത്തുനിൽക്കാതെ, വേദനകളില്ലാത്ത ലോകത്തേക്ക്, മകനെ തനിച്ചാക്കി സുധാകരൻ മറഞ്ഞു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top