യുഎപിഎ അറസ്റ്റ്; സിപിഐഎമ്മിലെ ഭിന്നത രൂക്ഷമാകുന്നു

കോഴിക്കോട്ടെ യുഎപിഎ അറസ്റ്റില്‍ സിപിഐമ്മിലെ ഭിന്നത രൂക്ഷമാകുന്നു. പൊലീസിനു മേല്‍ നിയന്ത്രണമില്ലാത്ത മുഖ്യമന്ത്രിയുടെ നേര്‍ക്കാണ് പരോക്ഷമായെങ്കിലും വിമര്‍ശനങ്ങള്‍ നീളുന്നത്. പൊലീസ് നടപടിയെ പാടെ തള്ളിക്കളയുകയാണ് പ്രാദേശിക തലം മുതലുള്ള സിപിഐഎം നേതാക്കള്‍. പൊലീസിനെ ന്യായീകരിക്കാനാവില്ലെന്നാണ് എ വിജയരാഘവന്റെ നിലപാട്.
സര്‍ക്കാര്‍ നയം അനുസരിച്ചല്ല പൊലീസ് ഇടപെടലെന്ന് മറ്റ് നേതാക്കളും വിമര്‍ശിക്കുന്നു. ഉചിതമായ സമയത്ത് മുഖ്യമന്ത്രി നിലപാട് പറയുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പൊലീസിനെ തള്ളുമ്പോഴും അറസ്റ്റിലായവരുടെ മാവോയിസ്റ്റ് ബന്ധം പരിശോധിക്കുമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ വ്യക്തമാക്കി. പന്തീരങ്കാവിലെ അറസ്റ്റില്‍ പൊലീസിനെതിരെ കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി വിമര്‍ശനവുമായി രംഗത്തെത്തി.
സംഭവത്തില്‍ ആഷിക് അബു ഉള്‍പ്പെടെ പാര്‍ട്ടി സഹയാത്രികരും സര്‍ക്കാരിനെതിരെ തിരിഞ്ഞു. സര്‍ക്കാരിന് പൊലീസില്‍ നിയന്ത്രണമില്ലെന്നതാണ് വാളയാര്‍ കേസിലും മാവോയിസ്റ്റ് വേട്ടയിലുമുള്‍പ്പെടെ തെളിയിക്കുന്നതെന്ന് ആഷിക് അബു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here