Advertisement

അമ്പലപ്പുഴ പാൽ പായസത്തിന് ഇനി മറ്റൊരു പേര് കൂടി

November 4, 2019
Google News 0 minutes Read

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പാൽ പായസത്തിന് ഗോപാല കഷായമെന്ന് കൂടി പേര് ചേർക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആലോചന. പേറ്റന്റിനുള്ള ദേവസ്വം ബോർഡിന്റെ നീക്കം അവസാനഘട്ടത്തിലാണ്.

നിത്യ നിവേദ്യമായ പാൽ പായസത്തിന്റെ പേര് മാറ്റം ഭക്തരിൽ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.  ആചാരപരമായി നിവേദ്യം ഗോപാല കഷായമെന്നാണ് അറിയപ്പെടുന്നത്. ഭക്തരുടെ അഭിപ്രായത്തിൽ പേറ്റന്റ് അമ്പലപ്പുഴ പാൽ പായസം എന്ന പേരിനു മതിയെന്നാണ്. അതിനാൽ രണ്ട് പേരിലും പേറ്റന്റ് നേടാനാണ് ശ്രമം.

പായസത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതിന് ശേഷമാണ് ദേവസ്വം ബോർഡ് പേരിന് പേറ്റന്റ് എടുക്കാമെന്ന് തീരുമാനിച്ചത്.

കഷായം പോലെ പാലും വെള്ളവും എട്ട് മണിക്കൂറോളം വെന്തുവറ്റിച്ചതിന് ശേഷം അരിയും പഞ്ചസാരയും ചേർത്ത് തയ്യാറാക്കുന്നതിനാലാണ് പായസത്തെ ഗോപാല കഷായം എന്ന് വിളിക്കുന്നത്. ഇത് ഭഗവാന് നേദിച്ച ശേഷം പ്രസാദമായി ഭക്തർക്ക് വിതരണം ചെയ്യുന്നു.

അതിനിടെ അമ്പലപ്പുഴ പാൽ പായസത്തിന്റെ പേര് പുനർനാമകരണം ചെയ്യാനുള്ള തീരുമാനത്തിനെതിരെ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ രംഗത്തെത്തി. വിശ്വാസികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രധാന വഴിപാടിനെ താറടിച്ചു കാണിക്കാനുള്ള ശ്രമമാണ് പേരുമാറ്റത്തിന് പിന്നിലെന്ന് പ്രയാർ ആരോപിച്ചു.

ശബരിമലയെ മുൻപ് താൻ ശ്രീ അയ്യപ്പക്ഷേത്രമെന്ന് പുനർനാമകരണം ചെയ്തപ്പോൾ വെളിച്ചപ്പാട് തുള്ളിയവരാണ് ഇപ്പോൾ വിശ്വാസികളെ വീണ്ടും വെല്ലുവിളിക്കുന്നതെന്നും പ്രയാർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here