അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ വനം വകുപ്പ് ഔട്ട് പോസ്റ്റുകൾ കത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

അട്ടപ്പാടിയിൽ വനം വകുപ്പ് ഔട്ട് പോസ്റ്റുകൾ മാവോയിസ്റ്റുകൾ കത്തിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മഞ്ചരക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ അടുക്കൽ നിന്നും കണ്ടെടുത്ത ലാപ് ടോപ്പിൽ നിന്നാണ് നാലുവർഷം മുൻപത്തെ ആക്രമണ ദൃശ്യങ്ങൾ ലഭിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.
വനംവകുപ്പിനെതിരെ വിപ്ലവ മുദ്രാവാക്യങ്ങൾ മുഴക്കി മാവോയിസ്റ്റുകൾ മുക്കാലി ഉൾക്കാട്ടിലെ ആനവായിലുള്ള വനംവകുപ്പ് ഔട്ട് പോസ്റ്റിന്
തീയിടുന്ന ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. രണ്ടായിരത്തി പതിനഞ്ച് നവംബർ എട്ടിന് രാത്രിയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട മണിവാസകൻറെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് നേരത്തെ തന്നെ വിവരമുണ്ടായിരുന്നെങ്കിലും ദൃശ്യങ്ങൾ തെളിവായി ലഭിക്കുന്നത് ഇപ്പോഴാണെന്ന് പൊലീസ് പറയുന്നു. അതേസമയം ദൃശ്യങ്ങളിലുള്ളത് ആരെന്ന് വ്യക്തമല്ല.
അക്രമം നടത്തിയ മാവോയിസ്റ്റുകൾ ഓഫീസിലെ രേഖകളും, ഒരു വയർലസ് സെറ്റുകളും ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ചതായും
പൊലീസ് പറയുന്നു. സമാന രീതിയിൽ അഗളി പൊലീസ് സ്റ്റേഷൻ പരിധിയിലെ തുടുക്കി വനംവകുപ്പ് ഔട്ട് പോസ്റ്റിനും മാവോയിസ്റ്റുകൾ
തീയിട്ടിരുന്നു. മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടൽ കൊലയെന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തിൽകൂടിയാണ് മാവോയിസ്റ്റുകൾ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തെളിവായി കൂടുതൽ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here