വാർത്താ ചാനലുകളുടെ ഉള്ളടക്കത്തിൽ സുതാര്യതയും സ്വയം നിയന്ത്രണവും ഉറപ്പ് വരുത്താൻ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അതോറിറ്റി

വാർത്താ ചാനലുകളുടെ ഉള്ളടക്കത്തിൽ സുതാര്യതയും സ്വയം നിയന്ത്രണവും ഉറപ്പ് വരുത്താൻ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അതോറിറ്റി നിലവിൽ വന്നു. വിവിധ പ്രാദേശിക, ദേശീയ ചാനലുകളിൽ നിന്നായി മുപ്പതോളം പേരാണ് ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ഫെഡറേഷൻ അതോറിറ്റിക്ക് രൂപം കൊടുത്തത്.
ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ഫെഡറേഷന്റെ മുംബൈയിൽ ചേർന്ന യോഗത്തിലാണ്
ചാനലുകളുടെ ഉള്ളടക്കത്തിന്റെ നിലവാരത്തിനായി സമാന്തര സംഘടനയ്ക്ക് രൂപം നൽകിയത്. എൻബിഎഫിനായി ഭരണ ബോർഡ് രൂപീകരിക്കാൻ അമ്പതിൽ പരം ചാനലുകളാണ് ഒരുമിച്ചത്.
നവംബർ ഒന്ന് മുതൽ സംഘടയിലേക്ക് പുതിയ ചാനലുകൾക്ക് അംഗത്വത്തിനായി അപേക്ഷിക്കാം. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഇതാദ്യമായാണ് പ്രദേശിക, ദേശീയ വാർത്താ ചാനലുകൾ വാർത്താ പ്രക്ഷേപണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഒരു കുടക്കീഴിൽ അണിനിരക്കുന്നത്. ട്വന്റിഫോറും ഇതിൽ അംഗമാണ്.
എൻബിഎഫിന്റെ സ്വയം നിയന്ത്രിത സംഘടനയായ ‘ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ഫെഡറേഷൻ അതോറിറ്റി’ ലക്ഷ്യംവയ്ക്കുന്നത് വാർത്താ സംപ്രേഷണത്തിന്റെ നിലവാരം ഉയർത്തുകയും നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നതിനാണ്. ചെയർമാൻ നയിക്കുന്ന
അതോറിറ്റിയിൽ നാല് സ്വതന്ത്ര പ്രമുഖ വ്യക്തിത്വങ്ങളും നാല് എഡിറ്റർമാരും ഉണ്ടാകും.
അതോറിറ്റി പ്രവർത്തിക്കുക ഡൽഹി ആസ്ഥാനാമായിട്ടായിരിക്കും. ഇതിന് പുറമെ വാർത്താ ചാനലുകൾ വിവിധ നെറ്റ്വർക്കുകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, പരസ്യമുൾപ്പെടെയുള്ള സാമ്പത്തിക വിഷയങ്ങളിൽ കൂട്ടായി ഇടപെടാനും പുതിയ കമ്മിറ്റികൾക്ക് രൂപംകൊടുക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്.
ഈ വർഷം ജൂലൈയിലാണ്, ഇന്ത്യയിലെ 50 വാർത്താ ചാനലുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് എൻബിഎഫ് നിലവിൽ വന്നത്.