‘നീം-ജി’: കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ നിരത്തിലിറങ്ങി; ആദ്യ ഘട്ടത്തിൽ 15 ഓട്ടോകൾ

കേരളത്തിൻ്റെ സ്വന്തം ഇ-ഓട്ടോയായ നീം-ജി നിരത്തിലിറങ്ങി. ഒരു തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ഇ-വെഹിക്കിള്‍ നയം അനുസരിച്ച് പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡാണ് (കെ.എ.എല്‍) ഓട്ടോ നിര്‍മ്മിച്ച് വിപണിയിലിറക്കുന്നത്. ആദ്യ ഘട്ടത്തിൽ 15 ഓട്ടോകളാണ് ഇറങ്ങുക. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പ്:
കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ നീം-ജി നിരത്തിലിറങ്ങി. ഒരു തവണ ചാര്‍ജ് ചെയ‌്താല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇ-വെഹിക്കിള്‍ നയം അനുസരിച്ച് പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡാണ് (കെ.എ.എല്‍) നീം-ജി നിര്‍മ്മിച്ച് വിപണിയിലിറക്കുന്നത്. 15 ഓട്ടോകളാണ് ആദ്യഘട്ടത്തില്‍ നിരത്തിലിറങ്ങുന്നത്. ഈ മാസം നൂറ് എണ്ണവും അടുത്ത മാര്‍ച്ചിനകം 1000 ഓട്ടോകളും ലഭ്യമാക്കും. നിലവില്‍ കെ.എ.എല്‍ വഴിയായിരിക്കും വില്‍പ്പന. തുടര്‍ന്ന് ഡീലര്‍ഷിപ് വഴി ജില്ലകളില്‍ വില്‍പ്പനയ്ക്കെത്തിക്കും. ഡ്രൈവര്‍ക്കും മൂന്ന് യാത്രക്കാര്‍ക്കും സഞ്ചരിക്കാവുന്ന കേരള നീംജി കാഴ്ചയില്‍ സാധാരണ ഓട്ടോ പോലെ തന്നെയാണ്. എന്നാല്‍, സാധാരണ ഓട്ടോയില്‍ ഒരു കിലോമീറ്റര്‍ പിന്നിടാന്‍ രണ്ട് രൂപ ചെലവാകുമ്പോള്‍ ഇ-ഓട്ടോയുടെ ചെലവ് വെറും 50 പൈസ മാത്രം. മെയിന്റനന്‍സ് ചെലവും കുറവ്. ഏകദേശം നാലു മണിക്കൂര്‍ കൊണ്ട് വീട്ടില്‍ നിന്നു തന്നെ ബാറ്ററി ചാര്‍ജ് ചെയ്യാം. ഗാര്‍ഹികവൈദ്യുതി നിരക്ക് മാത്രമേ ഈടാക്കുകയുമുള്ളു.
കെ.എ.എല്ലിന്റെ ഇ-ഓട്ടോ പദ്ധതി അന്താരാഷ്‌ട്ര തലത്തിലും ശ്രദ്ധ നേടുകയുണ്ടായി. പദ്ധതിയുമായി സഹകരിക്കാന്‍ തോഷിബ കമ്പനി അധികൃതര്‍ കെഎഎല്‍ സന്ദര്‍ശിച്ചു. ബാറ്ററി നിര്‍മാണരംഗത്തു പങ്കാളിത്ത കമ്പനി തുടങ്ങാനുള്ള ചര്‍ച്ചകളും നടന്നു. സ്വീഡിഷ് കമ്പനി ഹെസ്സിന്റെ സഹായത്തോടെ ഇ-ബസ് നിര്‍മിക്കാനുള്ള പദ്ധതിയും പുരോഗമിക്കുകയാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന കെ.എ.എല്‍ ഇ-ഓട്ടോ നിര്‍മ്മാണം ആരംഭിച്ചതോടെ ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇ-ഓട്ടോ നിര്‍മ്മാണത്തിന് യോഗ്യത നേടുന്നതെന്നും കേരളത്തിന്റെ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള പുണെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.ആര്‍.എ.ഐ)യിലാണ് അംഗീകാരത്തിനുള്ള പരിശോധനകള്‍ നടന്നത്.
സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്റെ ഇച്ഛാശക്തിയും കെ.എ.എല്‍ ചെയര്‍മാന്‍ കരമന ഹരിയുടെ നിശ്ചയദാര്‍ഢ്യവുമാണ് ആസാധ്യമെന്ന് കരുതിയത് സാധ്യമാക്കിയത്. നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഈ ഇടപെടലുകളാണ് മൂന്ന് വര്‍ഷം കൊണ്ട് കെ.എ.എല്ലിനെ ആധുനികവത്ക്കരണത്തിന്റെയും വളര്‍ച്ചയുടെയും പാതയില്‍ മുന്നോട്ട് നയിച്ചത്. പൊതുമേഖലയെ വിറ്റ് തുലക്കുന്ന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ പൊതുമേഖലയെ കാര്യക്ഷമമാക്കി സംരക്ഷിച്ച് നിര്‍ത്തുകയെന്നതാണ് കേരളം മുന്നോട്ടു വെക്കുന്ന ബദല്‍ എന്ന് പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും വീണ്ടും വ്യക്തമാക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here