പാലാരിവട്ടം പാലത്തിന് ബലക്ഷയമുണ്ടെന്ന് തെളിയിക്കുന്ന കൂടുതൽ പരിശോധനാ റിപ്പോർട്ടുകൾ പുറത്ത്; പ്രതികളുടെ ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ

പാലാരിവട്ടം മേൽപ്പാലത്തിന് ബലക്ഷയമുണ്ടെന്ന് തെളിയിക്കുന്ന കൂടുതൽ പരിശോധനാ റിപ്പോർട്ടുകൾ പുറത്ത്. പുതിയ തെളിവുകൾ വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.ഈ പഠന റിപ്പോർട്ടുകൾ പരിഗണിച്ചാകും ടിഒ സൂരജ് ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യഹർജിയിന്മേൽ ഹൈക്കോടതി ഇന്ന് വിധി പറയുക.
പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച റിപ്പോർട്ടുകളും വിശദാംശങ്ങളും ഹാജരാക്കാൻ ഹൈക്കോടതി അന്വേഷണ സംഘത്തിന് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂർ എഞ്ചിനിയറിംഗ് കോളജിലെ സ്ട്രക്ചറൽ എഞ്ചിനിയറിംഗ് വിഭാഗവും പൊതുമരാമത്ത് വകുപ്പിന്റെ പരിശോധനാ വിഭാഗവും പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് പഠനം നടത്തി.
ഗർഡറുകളിൽ മാത്രം 2,183 വിള്ളലുകൾ ഉള്ളതായും വിള്ളലുകളിൽ 99 എണ്ണം 0.33 മില്ലീമീറ്ററിൽ കൂടുതലാണെന്നും തൃശൂർ എഞ്ചിനിയറിംഗ് കോളജിലെ സ്ട്രക്ചറൽ എഞ്ചിനിയറിംഗ് വിഭാഗം നൽകിയ റിപ്പോർട്ടിലുണ്ട്. ഇതുകൂടാതെ ഗർഡറുകൾ പരിശോധിച്ച പൊതുമരാമത്ത് വകുപ്പിന്റെ അസി. എഞ്ചിനിയർ അപകടകരമായ രീതിയിൽ 6 വളവുകളും കണ്ടെത്തി. പിയർ ക്യാപ്പിൽ 83 വിള്ളൽ കണ്ടെത്തി. ഇതിൽ അഞ്ചെണ്ണം 0.33 മില്ലിമീറ്ററിൽ കൂടുതലാണ്. പൊതുമരാമത്ത് വകുപ്പിന്റെ ക്വാളിറ്റി കൺട്രോൾ ലാബിലാണ് പരിശോധന നടത്തിയത്.
തൂണും അടിത്തറ ഉൾപ്പെടെയുള്ള ബാക്കി ഭാഗവും പരിശോധിച്ചു വരികയാണെന്നും അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അഴിമതിയുമായി ബന്ധപ്പെട്ട ചില രേഖകൾ കൂടി കണ്ടെത്താനുണ്ടെന്നും വിജിലൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്. അതിനാൽ ടിഒ സൂരജിന് പുറമേ ഒന്നാം പ്രതി സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപറേഷൻ അസി. ജനറൽ മാനേജരുമായ എംടി തങ്കച്ചൻ എന്നിവർക്ക് ജാമ്യം അനുവദിക്കരുതെന്നും വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here