ജമ്മുകശ്മീരിൽ കുട്ടികളെ കരുതൽ തടങ്കലിലാക്കിയെന്ന ആരോപണം: സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രിം കോടതി

ജമ്മുകശ്മീരിൽ കുട്ടികളെ കരുതൽ തടങ്കലിൽ ആക്കിയെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സുപ്രിം കോടതി. ജമ്മുകശ്മീർ ഹൈക്കോടതിയിലെ നാല് സിറ്റിങ് ജഡ്ജിമാർ ഉൾപ്പെട്ട ജുവനൈൽ ജസ്റ്റിസ് സമിതി ഇത് അന്വേഷിക്കണം. സമിതിയുടെ ആദ്യ റിപ്പോർട്ട് കോടതി തള്ളി. വാദം പറയാൻ കൂടുതൽ സമയം അനുവദിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം കോടതി നിരസിച്ചു.

അനുച്ഛേദം 370 എടുത്തുകളഞ്ഞതിന് ശേഷം ഒട്ടേറെ കശ്മീരി കുട്ടികളെ മുൻകരുതൽ തടങ്കലിൽ ആക്കിയെന്ന പൊതുപ്രവർത്തക ഏണാക്ഷി ഗാംഗുലിയുടെ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്. ജുവനൈൽ ജസ്റ്റിസ് സമിതിയുടെ റിപ്പോർട്ട് സമഗ്രമല്ലെന്നും ജമ്മുകശ്മീർ ഡിജിപിയുടെ വിശദീകരണം മാത്രം കേട്ട് തയാറാക്കിയതാണെന്നും മുതിർന്ന അഭിഭാഷകൻ ഹുഫേസ അഹമദി പറഞ്ഞു.സംഭവം സ്വതന്ത്രമായി അന്വേഷിച്ചില്ലെന്നും അഹമദി ആരോപിച്ചു. ഇതോടെ സുപ്രിം കോടതി സമഗ്ര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അടുത്ത മാസം മൂന്നാം തീയതിക്കകം ജമ്മുകശ്മീർ ഹൈക്കോടതിക്ക് കീഴിൽ ജുവനൈൽ ജസ്റ്റിസ് സമിതി റിപ്പോർട്ട് സമർപ്പിക്കണം.

അതേസമയം, വാർത്താവിനിമയ സംവിധാനത്തിലെ നിയന്ത്രണങ്ങൾ കാരണം പത്രം പ്രസിദ്ധീകരിക്കുന്നതിൽ ബുദ്ധിമുട്ടുന്നുവെന്ന് കശ്മീർ ടൈംസ് എഡിറ്റർ അനുരാധാ ബാസിൻ അറിയിച്ചു. വാദം പറയാൻ കൂടുതൽ സമയം സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല. നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മൂന്ന് മാസം പിന്നിട്ടിട്ടുണ്ട്. ഇനി വൈകിപ്പിക്കാൻ കഴിയില്ലെന്നും നാളെ കേന്ദ്രത്തിന്റെ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More