കായംകുളത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായതായി പരാതി

കായംകുളത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായതായി പരാതി. കായംകുളം നഗരസഭാ 31-ാം വാർഡ് സിന്ധുസദനത്തിൽ ബിജു രാമചന്ദ്രന്റെ മകനും കായംകുളം ഗവ. ബോയ്‌സ് ഹൈസ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ അമൽ ബിജു(16)വിനെയാണ് കാണാതായത്. മാതാപിതാക്കൾ കായംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
സാധാരണ രീതിയിൽ സ്‌കൂളിലേക്ക് പോയതാണ് അമലെന്ന് പിതാവ് ബിജു പറഞ്ഞു. സമീപവാസിയും അമലിന്റെ സുഹൃത്തുമായ കണ്ണൻ വീട്ടിലേക്ക് വിളിച്ചപ്പോഴാണ് മകനെ കാണാതായ വിവരം അറിഞ്ഞത്. തുടർന്ന് സ്‌കൂളിൽ അന്വേഷിച്ചപ്പോൾ അവിടെ എത്തിയില്ലെന്ന് വ്യക്തമായി. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നുവെന്നും ബിജു പറഞ്ഞു.
അമലിന് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്നും പിതാവ് പറഞ്ഞു. വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട സംഭവം അവനെ വിഷമിപ്പിച്ചിരുന്നു. ഇക്കാര്യം അമൽ അമ്മയോട് പറഞ്ഞിരുന്നു. വാളയാറിൽ പോയി പ്രതിഷേധിക്കുമെന്ന് അമൽ ചില സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നതായും ബിജു പറഞ്ഞു. ഇക്കാര്യം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും കായംകുളം പൊലീസ്, വാളയാർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ബിജു കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here