വയനാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് സജീവമാകുന്നു

വയനാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് സജീവമാകുന്നു. മോഹനവാഗ്ദാനങ്ങളില്‍ കുരുങ്ങിയ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പോലും വരാതെ ജോലിയില്‍ മുഴുകുന്നതായി പ്രധാനാധ്യാപകര്‍ പരാതിപ്പെടുന്നു. വില്‍പ്പനയുടെ ഒരുഘട്ടം കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ പലരും എംഎല്‍എം കുരുക്കില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കുരുങ്ങിയതായി ട്വന്റി ഫോറിന്റെ അന്വേഷണത്തില്‍ വ്യക്തമായി.

ചെറിയ പദവിയില്‍ നിന്ന് തുടങ്ങി റീജണല്‍ മാനേജര്‍ വരെ ആകാമെന്ന മോഹനവാഗ്ദാനങ്ങളില്‍ മുഴുകിയാണ് പല വിദ്യാര്‍ത്ഥികളും മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗുകളുടെ ഭാഗമാകുന്നത്. രക്ഷിതാക്കള്‍ അറിയാതെ വാട്ട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ നവമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇവര്‍ സംഘത്തിനൊപ്പം അണിചേരുന്നത്.

നേരത്തെ വന്‍ചൂഷണം റിപ്പോര്‍ട്ട് ചെയ്ത വയനാട്ടില്‍ നിന്ന് തന്നെ വീണ്ടും വിദ്യാര്‍ത്ഥികള്‍ മാര്‍ക്കറ്റിംഗ് സംഘത്തിനൊപ്പം ചേരുന്നുവെന്നതിനെ ആശങ്കയോടെയാണ് ചൈല്‍ഡ്‌ലൈന്‍ ഉള്‍പ്പെടെ നോക്കിക്കാണുന്നത്. ചുരുങ്ങിയ സമയംകൊണ്ട് മികച്ച ആദായം ഉണ്ടാക്കാനാകുമെന്നാണ് എംഎല്‍എമ്മില്‍ സജീവമായ വിദ്യാര്‍ത്ഥി പറയുന്നത്.

നിരവധി വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ തങ്ങള്‍ക്കൊപ്പം ചേരുന്നുണ്ടെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി. സ്‌കൂളിലെത്താതെ ജോലിയില്‍ വ്യാപൃതരാകാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളെ പ്രധാനാധ്യാപകര്‍ പലതവണ കണ്ടെത്തി മുന്നറിയിപ്പ് നല്‍കിയിട്ടും രക്ഷിതാക്കളുടെ കൂടി പിന്തുണയോടെ ഇവര്‍ ജോലി തുടരുന്നതായാണ് അധ്യാപകര്‍ പറയുന്നത്.

പ്രോഡക്ടിന്റെ കമ്പനിയേതെന്ന് പോലും കൃത്യമായി അറിയാതെയാണ് വിദ്യാര്‍ത്ഥികള്‍ ഇവ വില്‍ക്കുന്നത്. മാരകരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ വരെ ഇവര്‍ വില്‍ക്കുന്നുണ്ട് എന്നതാണ് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More