ഫുട്ബോളും ജേഴ്സിയും വാങ്ങാനുള്ള പിരിവിനായി കുട്ടികളുടെ മീറ്റിംഗ്; വീഡിയോ വൈറൽ

ഫുട്ബോളും ജേഴ്സിയും വാങ്ങാനായി കുട്ടികൾ നടത്തുന്ന മീറ്റിംഗിൻ്റെ വീഡിയോ വൈറലാവുന്നു. മടൽ കുത്തി വെച്ചുണ്ടാക്കിയ മൈക്കിലൂടെ ഒരു കുട്ടി സംസാരിക്കുന്നതും അതു കേട്ട് നിലത്തും നിലത്തിട്ടിരിക്കുന്ന മരത്തടിയിലുമായി മറ്റു കുട്ടികൾ ഇരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. സുശാന്ത് നിലമ്പൂരാണ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്.

തൻ്റെ നാട്ടിലുള്ള കുട്ടികളുടെ മീറ്റിംഗ് എന്നാണ് സുശാന്ത് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മൈക്കിലൂടെ സംസാരിക്കുന്ന കുട്ടിയുടെ പിന്നിൽ, കസേരയിൽ മറ്റൊരു കുട്ടി ഇരിപ്പുണ്ട്. അവനെ സെക്രട്ടറി എന്നാണ് മൈക്കിലൂടെ സംസാരിക്കുന്നവൻ വിശേഷിപ്പിക്കുന്നത്. ഇനിയും കുറേ ആളുകൾ വരാനുണ്ടെന്നും ഇതൊരു താത്കാലിക മീറ്റിംഗ് ആണെന്നും കുട്ടി പറയുന്നുണ്ട്. വരുന്ന ഞായറാഴ്ചകളിലെല്ലാം ഇത്തരത്തിൽ മീറ്റിംഗ് ഉണ്ടാവുമെന്നും കുട്ടി പറയുന്നു. തുടർന്ന് അപ്പൂസ് എന്ന കുട്ടിയെ രണ്ട് വാക്ക് സംസാരിക്കാനായി വിളിക്കുന്നു.

അപ്പൂസാണ് ജേഴ്സിക്കും പന്തിനും പിരിവിടുന്ന കാര്യം മറ്റുള്ളവരെ അറിയിക്കുന്നത്. അതിന് എല്ലാവരും 10 രൂപ വീതം കൊണ്ടുവരണമെന്ന് അപ്പൂസ് അപേക്ഷിക്കുന്നു. മീറ്റിംഗിലെ സ്തീപ്രാതിനിധ്യമായ കുഞ്ഞാവയാണ് പിന്നീട് സംസാരിക്കുന്നത്. കളിച്ചു കൊണ്ടിരിക്കുന്ന പന്ത് പൊട്ടിയെന്നും പുതിയ ഒരു പന്ത് വാങ്ങാനുള്ള പിരിവിനെപ്പറ്റി പറയാനാണ് മീറ്റിംഗ് കൂടിയതെന്നും കുഞ്ഞാവ പറയുന്നു.

ആർക്കെങ്കിലും എതിർപ്പുണ്ടോ എന്ന സെക്രട്ടറിയുടെ ചോദ്യത്തിന് ‘ഇല്ലാ’ എന്ന മറുപടി കേൾക്കാം. മിഠായി വാങ്ങാനുള്ള കാശൊക്കെ കൂട്ടിവെച്ചാണ് നമ്മൾ പന്ത് വാങ്ങുന്നതെന്നും സെക്രട്ടറി പറയുന്നു. നന്നായി ഗോൾ കീപ്പിംഗ് ചെയ്ത സനീറിന് പൊന്നാടയണിയിക്കുന്ന ചടങ്ങും മീറ്റിംഗിൽ നടന്നു. പൊന്നാടയല്ല, ഒരു കവറാണെന്ന് വെളിപ്പെടുത്തിയിട്ട് ഒരു പ്ലാസ്റ്റിക്ക് കവറാണ് സനീറിനെ അണിയിക്കുന്നത്.

ഏഴു മിനിട്ടാണ് വീഡിയോയുടെ ദൈർഘ്യം. സോഷ്യൽ മീഡിയ ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More