ഡൽഹിയിലെ വായുമലിനീകരണം; ആദ്യ ടി-20ക്കിടെ രണ്ട് ബംഗ്ലാദേശ് താരങ്ങൾ ഛർദ്ദിച്ചിരുന്നുവെന്ന് റിപ്പോർട്ട്

ഇന്ത്യക്കെതിരായ ആദ്യ ടി-20 മത്സരത്തിനിടെ രണ്ട് ബംഗ്ലാദേശ് താരങ്ങൾ ഛർദ്ദിച്ചിരുന്നുവെന്ന് റിപ്പോർട്ട്. ഡൽഹിയിലെ മോശം കാലാവസ്ഥയെത്തുടർന്ന് സൗമ്യ സർക്കാരും മറ്റൊരു ബാറ്റ്സ്മാനും ഛർദ്ദിച്ചുവെന്ന് ക്രിക്ക് ഇൻഫോ ആണ് റിപ്പോർട്ട് ചെയ്തത്. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ മത്സരം റദ്ദാക്കുകയോ വേദി മാറ്റുകയോ ചെയ്യണമെന്ന് പല കോണുകളിൽ നിന്നും അഭിപ്രായങ്ങളുയർന്നിട്ടും അതിനു തയ്യാറാവാതിരുന്ന ബിസിസിഐ ഈ സംഭവത്തോടെ പ്രതിരോധത്തിലാണെന്നാണ് റിപ്പോർട്ട്.
ചില കളിക്കാരുടെ കണ്ണുകൾ എരിയുന്നുണ്ടെന്നും പലരുടെയും തൊണ്ട വരണ്ടിരിക്കുകയാണെന്നും മത്സരത്തിനു മുൻപ് ബംഗ്ലാദേശ് പരിശീലകൻ റസ്സൽ ഡൊമിംഗോ പറഞ്ഞിരുന്നു. എന്നാൽ ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി തങ്ങൾ വിലപിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ ദേശീയ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ ഉൾപ്പെടെയുള്ളവർ ഈ മത്സരം മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി അത് നിരസിച്ചിരുന്നു. മത്സരം കഴിഞ്ഞതിനു ശേഷം ഇരു ടീമുകൾക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു.
മത്സരത്തിൽ ഇന്ത്യ ഏഴു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ഇന്ത്യ മുന്നോട്ടു വെച്ച 149 റൺസ് വിജയലക്ഷ്യം 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മൂന്ന് പന്തുകൾ ശേഷിക്കെ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു. 60 റൺസെടുത്ത് പുറത്താവാതെ നിന്ന മുഷ്ഫിക്കർ റഹീമാണ് ബംഗ്ലാദേശിൻ്റെ വിജയ ശില്പി. ഇന്ത്യക്കെതിരെ ബംഗ്ലാദേശിൻ്റെ ആദ്യ ടി-20 വിജയമായിരുന്നു ഇത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here