യുഎപിഎ കേസ്; സിപിഐഎം മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു

കോഴിക്കോട് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ സിപിഐഎം മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയാണ് കമ്മീഷനെ നിയോഗിച്ചത്. പ്രവര്‍ത്തകരുടെ അറസ്റ്റ് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിനു പിന്നാലെയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബ്. താഹ ഫസല്‍ എന്നിവരുടെ മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ചാണ് കമ്മീഷന്‍ അന്വേഷണം നടത്തുക. പത്താം തീയതി വിഷയത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയാല്‍ ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകും.
ഇരുവരും മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്തുവെന്നും കൈവശം സൂക്ഷിച്ചെന്നുമാണ് പൊലീസ് പറയുന്നത്. യുഎപിഎ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here