യുഎപിഎ കേസ്; പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ ആവശ്യപ്പെടില്ല

കോഴിക്കോട് പന്തീരങ്കാവ് യുഎപിഎ കേസില്‍ പ്രതികളെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ ആവശ്യപ്പെടില്ല. പബ്ലിക് പ്രോസിക്യൂട്ടറാണ് ഇക്കാര്യം അറിയിച്ചത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങണമെങ്കില്‍ പെലീസിന്റെ പക്കല്‍ നിന്ന് ഒരു റിപ്പോര്‍ട്ട് ലഭിക്കണം. ഇത് ലഭിച്ചിട്ടില്ല. ഒരു പക്ഷേ നാളെ കസ്റ്റഡി അപേക്ഷ നല്‍കാനാകുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
നിലവില്‍ പ്രതികള്‍ കേസിലെ പ്രതികളായ അലനും താഹയും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
അതേസമയം പ്രതികളെ ഉടന്‍ വിയ്യൂര്‍ ജയിലിലേക്ക് മാറ്റേണ്ടതില്ലെന്നാണ് തീരുമാനം. പ്രതികള്‍ക്ക് നിലവില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാലാണ് ജയില്‍മാറ്റം വേണ്ടെന്ന് തീരുമാനിച്ചത്. പ്രതികള്‍ പിടിയിലാകുമ്പോള്‍ ഇവര്‍ക്കൊപ്പം മൂന്നാമതൊരാള്‍ ഉണ്ടായിരുന്നുവെന്നും ഇയാള്‍ ഓടി രക്ഷപെട്ടുവെന്നുമാണ് പൊലീസ് പറയുന്നത്.
പ്രതികളിലെ മൂന്നാമത്തെയാളെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കണമെങ്കില്‍ കൂടുതല്‍ ചോദ്യം ചെയ്യണമെന്നാണ് പൊലീസ് പറയുന്നത്. ഇതിനായാണ് കസ്റ്റഡി അപേക്ഷ നല്‍കുക. എന്നാല്‍ മൂന്നാമതായി ഒരാളുണ്ടെന്നത് പൊലീസ് കെട്ടിച്ചമച്ച കഥയാണെന്നാണ് പ്രതികളും ബന്ധുക്കളും പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here