റഫറിയും നിർഭാഗ്യവും ചതിച്ചു; ബ്ലാസ്റ്റേഴ്സിനു സമനില

കേരള ബ്ലാസ്റ്റേഴ്സ്-ഒഡീഷ എഫ്സി മത്സരം ഗോൾരഹിത സമനില. ബ്ലാസ്റ്റേഴ്സ് മേൽക്കോയ്മ കണ്ട മത്സരത്തിൽ വല ചലിപ്പിക്കാൻ ഇരു ടീമുകൾക്കും കഴിഞ്ഞില്ല. സമനിലയോടെ ബ്ലാസ്റ്റേഴ്സ് പോയിൻ്റ് ടേബിളിൽ ആറാം സ്ഥാനത്തേക്കുയർന്നു. നാലു മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റാണ് അവരുടെ സമ്പാദ്യം. അത്ര തന്നെ മത്സരങ്ങളിൽ നിന്ന് അത്ര തന്നെ പോയിൻ്റുള്ള ഒഡീഷ അഞ്ചാമതാണ്.
കളി തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ പ്രതിരോധ താരവും ഈ മത്സരത്തിലെ നായകനുമായ ജെയ്റോ റോഡ്രിഗസ് പരുക്കേറ്റ് മടങ്ങി. പകരം മലയാളി താരം അബ്ദുൽ ഹക്കു കളത്തിലിറങ്ങി. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ കണ്ടതിനെക്കാൾ ഒത്തിണക്കവും ആക്രമണ ത്വരയും പ്രകടിപ്പിച്ച ബ്ലാസ്റ്റേഴ്സ് തുടർച്ചയായി അവസരങ്ങൾ തുറന്നെടുത്തു. ഫൈനൽ തേർഡിലെ ഇടർച്ച തുടർന്നെങ്കിലും ബ്ലാസ്റ്റേഴ്സ് മനോഹരമായ പാസിംഗ് പ്ലേയും പൊസിഷൻ ഫുട്ബോളും കാഴ്ച വെച്ചു. 23ആം മിനിട്ടിൽ അടുത്ത പരുക്ക്. ഒഡീഷക്ക് ലഭിച്ച കോർണറിനു ചാടിയ ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ മെസ്സി ബൗളിയും ഒഡീഷ സ്ട്രൈക്കർ അഡ്രിയാൻ സൻ്റാനയും കൂട്ടിയിടിച്ച് ഇരുവരും നിലത്തു വീണു. സൻ്റാനക്ക് പകരം കാർലോസ് ഡെൽഗാഡോയും മെസ്സി ബൗളിക്ക് പകരം മലയാളി താരം മുഹമ്മദ് റാഫിയും ഇറങ്ങി.
35ആം മിനിട്ടിൽ സഹൽ മാജിക്ക്. മധ്യനിരയിൽ വലതു വശത്ത് നിന്ന് പന്തു സ്വീകരിച്ച സഹൽ മൂന്ന് ഡിഫൻഡർമരെ മറികടന്ന് ബോക്സിലെത്തി. ബോക്സിനുള്ളിൽ നിന്നിരുന്ന രണ്ട് ഡിഫൻഡർമാരെ മറികടക്കുന്നതിനിടെ നാരായൺ ദാസ് കാലുവെച്ച് സഹലിനെ വീഴ്ത്തി. സഹലും ഷറ്റോരിയുമടക്കം പെനൽട്ടിക്ക് അപ്പീൽ ചെയ്തെങ്കിലും റഫറി നൽകിയില്ല. 44ആം മിനിട്ടിൽ മുഹമ്മദ് റാഫി ബോക്സിലേക്ക് നൽകിയ ക്രോസിൽ രാഹുൽ ഒരു സിസർ കട്ടിനു ശ്രമിച്ചെങ്കിലും പന്ത് വലക്ക് മുകളിലൂടെ പറന്നു. അഞ്ച് മിനിട്ട് നീണ്ട ഇഞ്ചുറി ടൈമിലും ബ്ലാസ്റ്റേഴ്സ് ആക്രമണം തുടർന്നെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് തന്നെയാണ് മുന്നിട്ടു നിന്നത്. ബ്ലാസ്റ്റേഴ്സിൻ്റെ ദൗർഭാഗ്യം തെളിയിച്ചു കൊണ്ട് 67ആം മിനിട്ടിൽ ബോക്സിനുള്ളിൽ വെച്ച് നാരായൺ ദാസിനെതിരായ ഒരു ഹാൻഡ് ബോൾ അപ്പീലും റഫറി അനുവദിച്ചില്ല. തുടർച്ചയായ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങൾക്കിടയിൽ ഒഡീഷയും ഒറ്റപ്പെട്ട ആക്രമണങ്ങൾ മെനഞ്ഞു. 78ആം മിനിട്ടിൽ മുഹമ്മദ് റാഫിയെ പിൻവലിച്ച് ഷറ്റോരി ഓഗ്ബച്ചെയെ കളത്തിലിറക്കി. 86ആം മിനിട്ടിൽ പ്രശാന്തിൻ്റെ ക്രോസിൽ നിന്ന് ഓഗ്ബച്ചെ തല വെച്ച് നൽകിയ പാസ് രാഹുൽ വലയിലേക്കടിച്ചെങ്കിലും കരുത്തുറ്റ ഷോട്ട് ഗോളി തടഞ്ഞു. ഇഞ്ചുറി ടൈമിൻ്റെ അവസാനം പ്രശാന്തിൻ്റെ ക്രോസിൽ നിന്ന് ഓഗ്ബച്ചെ തൊടുത്ത ഷോട്ട് ഒഡീഷ പ്രതിരോധം തടഞ്ഞത് കളിയുടെ ആകെ ചിത്രമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here