രാജ്യത്തെ ഏറ്റവും മികച്ച മിഡ്‌ഫീൽഡറാക്കുമെന്ന് സഹലിന് വാക്കു നൽകിയിട്ടുണ്ടെന്ന് ഷറ്റോരി

ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിനു ശേഷം സഹലിനെ വാനോളം പുകഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ എൽകോ ഷറ്റോരി. സഹൽ ഗംഭീര പ്രകടനമാണ് നടത്തിയതെന്നും തങ്ങൾ തമ്മിൽ പ്രശ്നമുണ്ടെന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറയുന്നു.
സഹൽ അഭിനന്ദനം അർഹിക്കുന്നുണ്ട്. താൻ ആദ്യമായി കണ്ടപ്പോൾ സഹലിനെ രാജ്യത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർ ആക്കും എന്ന് താൻ പറഞ്ഞിരുന്നു. താനും സഹലും തമ്മിൽ പ്രശ്നമുണ്ടെന്ന വാർത്തകൾ തെറ്റാണ്. തങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹലിനെ താൻ മത്സരത്തിനിടയിൽ മാറ്റിയിട്ടുണ്ടെങ്കിൽ അത് വേറെ കാരണങ്ങൾ കൊണ്ടായിരിക്കും എന്ന് ഷറ്റോരി പറഞ്ഞു. മധ്യനിര പൂർണ്ണമായും ഫിറ്റായാൽ സഹലിനെ കുറച്ചു കൂടെ അറ്റാക്കിംഗ് റോളിൽ ഇറക്കുമെന്നും ഷറ്റോരി സൂചന നൽകി.
അതേസമയം, ഓഗ്ബച്ചെക്ക് ഭക്ഷ്യവിഷബാധ ആയിരുന്നതിനാലാണ് ആദ്യ ഇലവനിൽ നിന്ന് മാറ്റിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. കളിക്കണമെന്ന് ഓഗ്ബച്ചെ പറഞ്ഞുവെങ്കിലും അത് അപകടമാകുമെന്ന് കണ്ടതു കൊണ്ടാണ് ഇറക്കാതിരുന്നത്. ജെയ്റോ റോഡ്രിഗസ് ഇഞ്ചക്ഷ എടുത്താണ് കഴിഞ്ഞ മത്സരങ്ങളിൽ കളിച്ചതെന്നും ഷറ്റോരി പറഞ്ഞു. പ്രശാന്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് തനിക്ക് നിരന്തരമായി ഇമെയിലുകൾ വരുന്നുണ്ടെന്നും കഴിഞ്ഞ ദിവസം അദ്ദേഹം നന്നായി കളിച്ചുവെന്നും ഷറ്റോരി കൂട്ടിച്ചേർത്തു.
മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയിരുന്നു. ആദ്യ പകുതിയിൽ തന്നെ രണ്ട് താരങ്ങൾക്ക് പരിക്ക് പറ്റിയ ആതിഥേയർ ആ പകുതി കളിച്ചത് ആറു മലയാളി താരങ്ങളുമായാണ്. ഭേദപ്പെട്ട കളി കാഴ്ച വെച്ച ബ്ലാസ്റ്റേഴ്സിനെ റഫറിയുടെ രണ്ട് മോശം തീരുമാനങ്ങളും ദൗർഭാഗ്യവുമാണ് ചതിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here