Advertisement

അയോധ്യാ വിധി; ഇരുകൂട്ടരും സംയമനത്തോടെയും സമാധാനം നിലനിർത്താനുള്ള താൽപര്യത്തോടെയും വിധിയോട് പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി

November 9, 2019
Google News 1 minute Read
pinarayi vijayan press meet on sabarimala women entry

അയോധ്യാ വിധിയുടെ പശ്ചാത്തലത്തിൽ ഇരുകൂട്ടരും സംയമനത്തോടെയും സമാധാനം നിലനിർത്താനുള്ള താൽപര്യത്തോടെയും വിധിയോട് പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയോധ്യ കേസിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കങ്ങൾക്ക് പരിഹാരമായി രാജ്യത്തിന്റെ പരമോന്നത കോടതിയുടെ വിധി വന്നിരിക്കുന്നു. രാജ്യത്ത് രക്തച്ചൊരിച്ചിലും കലാപങ്ങളും ഉണ്ടാക്കിയ ഒരു പ്രശ്‌നത്തിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അന്തിമമായി തീർപ്പുകൽപിച്ചത്. അയോധ്യയിൽ തർക്കസ്ഥലത്ത് രാമവിഗ്രഹം കൊണ്ടുവെച്ചതും ബാബറി മസ്ജിദ് പൊളിച്ചതും നിയമവിരുദ്ധമാണ് എന്ന് കോടതി സ്ഥിരീകരിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : അയോധ്യാ കേസ്: സുപ്രിംകോടതി വിധി ഒറ്റനോട്ടത്തിൽ

ബാബറി മസ്ജിദ് തകർത്തതിനെത്തുടർന്നാണ് രാജ്യം വലിയ കലാപത്തിന്റെ വേദിയായത്. ഈ വിധിയോടെ ഭൂമിത്തർക്കവുമായി ബന്ധപ്പെട്ട നിയമപരമായ വിഷയങ്ങൾക്കുള്ള തീർപ്പാണ് ഉണ്ടായിരിക്കുന്നത്. വിധി തങ്ങൾ കാലാകാലമായി ഉയർത്തുന്ന അവകാശവാദങ്ങൾക്കും ആവശ്യങ്ങൾക്കും വിഘാതമായി എന്ന് കരുതുന്നവരുണ്ടാകാം. അതോടൊപ്പം തങ്ങളുടെ ആവശ്യങ്ങളാണ് അംഗീകരിക്കപ്പെട്ടത് എന്ന് ധരിക്കുന്ന വിഭാഗവുമുണ്ട്. രണ്ടുകൂട്ടരും സംയമനത്തോടെയും സമാധാനം നിലനിർത്താനുള്ള താൽപര്യത്തോടെയും വിധിയോട് പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പറയുന്നു.

Read Also : അയോധ്യാ കേസ്: വിധി പ്രസ്താവിച്ചത് ഈ ന്യായാധിപർ

ഈ തർക്കത്തിന്റെ പേരിൽ ജനങ്ങളുടെ സമാധാനജീവിതം തകരുന്ന ഒരു ഇടപെടലും ഉണ്ടാകരുത്. കേരളം ബാബറി മസ്ജിദ് തകർത്ത ഘട്ടത്തിൽത്തന്നെ വിവേകത്തോടെയും സമാധാനപരവുമായാണ് പ്രതികരിച്ചത്. അതുകൊണ്ടുതന്നെ ആ ഘട്ടത്തിൽ നമ്മുടെ സംസ്ഥാനത്ത് പറയത്തക്ക അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. അതേ രീതി കൂടുതൽ പ്രതിബദ്ധതയോടെ നാം തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : അയോധ്യ വിധി; സുപ്രിംകോടതി വിധിയുടെ പൂർണരൂപം വായിക്കാം

സുപ്രിംകോടതി വിധിയോടുള്ള പ്രതികരണങ്ങൾ നാടിന്റെ സമാധാനവും ഐക്യവും മതനിരപേക്ഷതയും സംരക്ഷിച്ചുകൊണ്ടുള്ളതാവണം. സുപ്രിംകോടതി വിധി അന്തിമമാണ് എന്നതിനാൽ ഈ ഘട്ടത്തിൽ അത് ഉൾക്കൊള്ളാൻ ബാധ്യസ്ഥരാണ്. സമാധാനവും ശാന്തിയും മതനിരപേക്ഷതയുടെ സംരക്ഷണവുമാകണം നമ്മുടെയാകെ ഈ സന്ദർഭത്തിലെ പരിഗണനയെന്നും വിധിയുടെ പശ്ചാത്തലത്തിൽ സമാധാനം കാത്തുസൂക്ഷിക്കാനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രകോപനപരമായ പ്രതികരണങ്ങൾ അനുവദിക്കില്ല. പൊലീസ് സംസ്ഥാനത്താകെ ജാഗ്രത പാലിക്കുന്നുണ്ട്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ ആളുകളും അക്കാര്യത്തിൽ ജാഗരൂകരാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here