Advertisement

അയോധ്യാ കേസ്: വിധി പ്രസ്താവിച്ചത് ഈ ന്യായാധിപർ

November 9, 2019
Google News 0 minutes Read

സങ്കീർണത നിറഞ്ഞ അയോധ്യാ തർക്ക ഭൂമിക്കേസിൽ ചരിത്ര വിധി പ്രസ്താവിച്ചത് സുപ്രിം കോടതി ഭരണഘടനാ ബഞ്ചിലെ അഞ്ച് സീനിയർ ജഡ്ജിമാരാണ്.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അബ്ദുൾ നസീർ, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ബെഞ്ചാണ് 40 മിനിറ്റ് നീണ്ട വിധി പ്രസ്താവം നടത്തിയത്. ഏകകണ്ഠമായാണ് അഞ്ച് പേരും വിധി എഴുതിയതെന്നതാണ് ഏറ്റവും വലിയ സവിശേഷതയായി വിലയിരുത്തപ്പെടുന്നത്. അവധി ദിവസമായ ശനിയാഴ്ച തന്നെ ചരിത്ര വിധി പ്രസ്താവത്തിനായി തെരഞ്ഞെടുത്തു എന്നതും അപൂർവതയായി.

40 ദിവസം തുടർച്ചയായി വാദം കേട്ട് ഒക്‌ടോബർ 16ന് വാദം അവസാനിപ്പിച്ച് വിധി പറയാൻ മാറ്റി വെക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്

ഇന്ത്യയുടെ 46ാമത് ചീഫ് ജസ്റ്റിസാണ് രഞ്ജൻ ഗൊഗോയ്. 2018 അവസാനത്തിൽ ദീപക് മിശ്രക്ക് ശേഷം പദവി ഏറ്റെടുത്തു. ഗൊഗോയ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ചീഫ് ജസ്റ്റിസാകുന്ന ആദ്യ ന്യായാധിപനാണ്.

2012ൽ നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് അടക്കമുള്ള നിരവധി വിവാദ കേസുകളിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വാദം കേൾക്കുകയുണ്ടായി. കഴിഞ്ഞ ദിവസം ഗൊഗോയ് അയോധ്യ വിധിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ സുരക്ഷാ പരിശോധനാ യോഗം വിളിച്ചിരുന്നു.

ജസ്റ്റിസ് എസ്എ ബോബ്‌ഡെ

ജസ്റ്റിസ് ശാരദ് അരവിന്ദ് ബോബ്‌ഡെ ഗൊഗോയുടെ പിൻഗാമിയായി സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തെത്താൻ പോകുന്ന ന്യായാധിപനാണ്. 2000ൽ ജഡ്ജിയായ ബോബ്‌ഡെ മുംബൈ കോടതി, മധ്യപ്രദേശ് ഹൈക്കോടതി എന്നിവിടങ്ങളിലും ജഡ്ജായി
പ്രവർത്തിച്ചിട്ടുണ്ട്. നിയുക്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസായ ബോബ്‌ഡെക്ക് ഇനിയും ഒന്നര വർഷത്തോളം സർവീസ് ബാക്കിയുണ്ട്.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് കാലഹരണപ്പെട്ട പല വിധികളും തിരുത്തിയെഴുതി ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. അതിൽ പല കേസുകളും അദ്ദേഹത്തിന്റെ പിതാവ് വൈവൈ ചന്ദ്രചൂഡ് വിധി പറഞ്ഞവയാണെന്നത് മറ്റൊരു കൗതുകം.

അവിഹിത ബന്ധങ്ങൾ, സ്വകാര്യതക്കുള്ള അവകാശം എന്നിവ സംബന്ധിച്ച കേസുകളിൽ വിവാദമായ വിധി പ്രസ്താവം നടത്തിയിട്ടുണ്ട് ഡിവൈ ചന്ദ്രചൂഡ്.

ജസ്റ്റിസ് അബ്ദുൾ നസീർ

1983 ൽ കർണാടകയിൽ അഭിഭാഷകനായി സേവനമാരംഭിച്ച അബ്ദുൾ നസീർ 2003 ൽ അഡീഷണൽ ജഡ്ജായി നിയമിതനായി.

2017 ൽ സുപ്രീം കോടതി ജസ്റ്റിസായ അബ്ദുൾ നസീർ അതേ വർഷം പ്രഖ്യാപിച്ച മുത്തലാഖ് വിധി രാജ്യ ശ്രദ്ധ ആകർഷിച്ചു. എന്നാൽ, മതപരമായ കാര്യങ്ങളിൽ ഇടപെടാൻ കോടതിക്കാവില്ല എന്ന വിധി എൻഡിഎ സർക്കാർ നിയമ നിർമാണത്തിലൂടെ മറികടന്നു.

ജസ്റ്റിസ് അശോക് ഭൂഷൺ

ജസ്റ്റിസ് അശോക് ഭൂഷൺ അലഹാബാദ് ഹൈക്കോടതിയിൽ വക്കീലായി സേവനമാരംഭിച്ചു. 2001ൽ ജഡ്ജിയായി. കേരളത്തിൽ ജഡ്ജിയായും ചീഫ് ജസ്റ്റിസായും പ്രവർത്തിച്ചിട്ടുണ്ട്. 2016 മെയ് 13ന് സുപ്രിം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here