രോഹിതിനെപ്പോലെ കോലിക്ക് പോലും കളിക്കാൻ കഴിയില്ലെന്ന് സെവാഗ്

ബംഗ്ലാദേശിനെതിരായ രണ്ടാം ടി-20യിൽ ഉജ്ജ്വല പ്രകടനം നടത്തിയ രോഹിത് ശർമ്മയെ പുകഴ്ത്തി മുൻ ഓപ്പണർ വീരേന്ദർ സെവാഗ്. രോഹിത് ശർമ്മ ചെയ്യുന്നത് വിരാട് കോലിക്ക് പോലും ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്രിക്ക്ബസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സച്ചിൻ കളിച്ചു കൊണ്ടിരിക്കുമ്പോൾ, ‘എനിക്ക് ചെയ്യാൻ പറ്റിയത് നിനക്കും ചെയ്യാൻ പറ്റും’ എന്ന് അദ്ദേഹം പറയുമായിരുന്നു. പക്ഷേ, താൻ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ചെയ്യാൻ സാധിക്കില്ലെന്ന കാര്യം അദ്ദേഹത്തിന് മനസ്സിലായില്ല. രോഹിത് അത്തരമൊരു കളിക്കാരനാണ്. രോഹിത് ശർമ്മ ചെയ്യുന്നത്, വിരാട് കോലിക്ക് പോലും ചെയ്യാൻ സാധിക്കാത്തതാണ്. 3, 4 സിക്സറുകൾ അടിക്കുക, 45 പന്തുകളിൽ നിന്ന് 80-90 റൺസടിക്കുക. ഇതൊക്കെ ഒരുപാട് തവണ കോലി ചെയ്യുന്നതായി കണ്ടിട്ടില്ല”.- സെവാഗ് പറഞ്ഞു.
മത്സരത്തിൽ 43 പന്തുകളിൽ 85 റൺസെടുത്ത രോഹിതിൻ്റെ മികവിലാണ് ഇന്ത്യ ബംഗ്ലാദേശിനെ തോൽപിച്ചത്. ആറു ബൗണ്ടറികളും ആറു സിക്സറുകളും ഇന്നിംഗ്സിൽ രോഹിത് നേടിയിരുന്നു. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്ന ആതിഥേയർ ജയത്തോടെ പരമ്പരയിൽ ഒപ്പമെത്തുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here