മകളോടും ചെറുമകളോടുമൊപ്പം പരീക്ഷ എഴുതി എൺപതുകാരി പാറു അമ്മൂമ്മ; ദൃശ്യങ്ങൾ കാണാം

മകളോടും ചെറുമകളോടുമൊപ്പം പരീക്ഷ എഴുതിയതിന്റെ ആഹ്ലാദത്തിലാണ് പുത്തൻപാലം സ്വദേശിനി പാറുവെന്ന എൺപതുകാരി. സ്‌കൂളിൽ പോകാൻ കഴിയാത്തതിന്റെ നിരാശയാണ് ഈ പ്രായത്തിൽ ഇവരെ അക്ഷരങ്ങളുമായി സൗഹൃദത്തിലാക്കിയത്. അക്ഷരശ്രീ സാക്ഷരതാ പരീക്ഷ എഴുതാനാണ് പാറു മകളോടും ചെറുമകളോടുമൊപ്പം എത്തിയത്.
കണ്ണമ്മൂല പുത്തൻപാലത്ത് നഗരസഭയുടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു അമ്മയും മകളും കൊച്ചുമകളും സഹപാഠികളായി പരീക്ഷ എഴുതാനെത്തിയത്. ചെറുപ്രായത്തിൽ പഠിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ കൊച്ചുമകൾ സാക്ഷരതാ ക്ലാസിൽ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ കൂടെ പഠിച്ചാലോ എന്ന് തോന്നി. അങ്ങനെയാണ് ഒരിക്കൽ നടക്കാതെ പോയ മോഹം പാറു അമ്മൂമ്മ എൺപതാം വയസിൽ സാധിച്ചെടുത്തത്.
ഒന്നാം ക്ലാസിൽ പോയെങ്കിലും പിന്നീട് അനുജനെ ശ്രുശൂഷിക്കാനായി പാറുവിന്റെ മകൾ രാഗിണിക്ക് സ്‌കൂൾ ഉപേക്ഷിക്കേണ്ടി വന്നു. മകളോടും അമ്മയോടും ഒപ്പം ഇപ്പോൾ പഠനം വീണ്ടും തുടങ്ങി. സഹപാഠിയാണെങ്കിലും അക്ഷരം വായിക്കുന്നതിനും പറഞ്ഞുകൊടുക്കുന്നതിനും കൊച്ചുമകൾ രജിനി എപ്പോഴും തയാറായിരുന്നു. ജീവിതത്തിൽ ഇനിയും പഠിക്കണമെന്ന തീരുമാനത്തോടെയാണ് മൂവരും പരീക്ഷാ ഹാൾ വിട്ടത്. ഓരോ അക്ഷരവും പഠിക്കുമ്പോൾ ലഭിക്കുന്ന ആഹ്ലാദമാണ് ഇപ്പോൾ ഇവരെ മുന്നോട്ട് നയിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here