‘ഞങ്ങൾ രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിക്കുന്നു; വിധി തിരിച്ചടിയായത് ബിജെപിക്ക്’: കോൺഗ്രസ്

അയോധ്യാ വിധിയിൽ പ്രതികരണവുമായി കോൺഗ്രസ്. കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയാണ് പ്രതികരണവുമായി രംഗത്തെത്തിയത്. തങ്ങൾ രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിക്കുന്നുവെന്ന് സുർജേവാല പറഞ്ഞു. വിധി ബിജെപിക്കാണ് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു.

‘രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള വാതിലുകള്‍ തുറന്നിടുക മാത്രമല്ല ഈ വിധിയിലൂടെ സുപ്രീം കോടതി ചെയ്തത്, വിഷയത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ബിജെപിയുടെയും മറ്റും ശ്രമങ്ങൾക്കുള്ള വാതില്‍ അടക്കുക കൂടിയാണ്. നമ്മുടെ പരസ്പര ബഹുമാനത്തിൻ്റെ സംസ്കാരം കൈമോശം വരാതെ നോക്കേണ്ടത് എല്ലാവരുടെയും കർത്തവ്യമാണ്.’- അദ്ദേഹം പറഞ്ഞു.

തർക്കഭൂമിയിൽ ഉപാധികളോടെ രാമക്ഷേത്രം നിർമ്മിക്കാമെന്നായിരുന്നു കോടതി വിധി. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, പുരാവസ്തുവകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിക്കുന്നതെന്ന് ഏകകണ്ഠമായി പുറത്തിറക്കിയ വിധി പ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു. ഒരു ബോർഡിന് കീഴിൽ മൂന്ന് മാസത്തിനകം ക്ഷേത്രം പണിയാനാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിനൊപ്പം തർക്കഭൂമിക്ക് പുറത്ത് അയോധ്യയിൽ തന്നെ മുസ്ലീങ്ങൾക്ക് പള്ളി പണിയാൻ അഞ്ച് ഏക്കർ നൽകണമെന്നും സുപ്രിംകോടതി പറഞ്ഞു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More