സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പ്; ബിജെപിയില്‍ ഗ്രൂപ്പ് പോര്

സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനെച്ചൊല്ലി ബിജെപിയില്‍ ഗ്രൂപ്പ് പോര്. ഭിന്നതയെത്തുടര്‍ന്ന് നാളെ നടക്കാനിരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം മാറ്റി. സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷാണ് യോഗം വിളിച്ചത്.
എന്നാല്‍ ബി എല്‍ സന്തോഷിനോട് മുരളീധര വിരുദ്ധ ചേരി എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് സൂചന. ദേശീയ സംഘടനാ സെക്രട്ടറിക്ക് കെ സുരേന്ദ്രനോടുള്ള താല്‍പര്യം ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് ഇടപെടല്‍ വേണമെന്ന് കൃഷ്ണദാസ് പക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള നീക്കങ്ങള്‍ ഇവര്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഒപ്പം ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയുമായി പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം സംസ്ഥാന ആര്‍എസ്എസ് നേതൃത്വത്തിനും ബി എല്‍ സന്തോഷിനോട് അത്ര താല്‍പര്യമില്ല. കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കിയതും വട്ടിയൂര്‍ക്കാവില്‍ ആര്‍എസ്എസ് തീരുമാനം അവസാന നിമിഷം അട്ടിമറിച്ചതും പ്രധാന കാരണങ്ങളാണ്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളില്ലെന്നും മഹാരാഷ്ട്ര, അയോധ്യാ വിഷയങ്ങള്‍ ഉള്ളതിനാല്‍ സംഘടനാ സെക്രട്ടറിയുടെ യാത്ര റദ്ദാക്കിയെന്നുമാണ് ഔദ്യോഗിക വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here