Advertisement

ഇറാഖിൽ പ്രക്ഷോഭം രൂക്ഷമാകുന്നു; സുരക്ഷാസേന നടത്തിയ വെടിവെയ്പ്പിൽ ഏഴ് മരണം

November 10, 2019
Google News 0 minutes Read

ഇറാഖിൽ വീണ്ടും പ്രക്ഷോഭം രൂക്ഷമാകുന്നു. ബാഗ്ദാദിലും ബസ്രയിലും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാസേന നടത്തിയ വെടിവെയ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു.

ബാഗ്ദാദിലെ ടെഗ്രിസ് നദിക്ക് കുറുകെയുള്ള മൂന്ന് പാലങ്ങളുടെ നിയന്ത്രണം തിരിച്ചുപിടിക്കാൻ സുരക്ഷാസേന ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. പിന്നീട് പ്രതിഷേധത്തിന്റെ പ്രധാന കേന്ദ്രമായ തഹ് രിർ സ്‌ക്വയറിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സേന വെടിവെയ്പ്പ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സംഘർഷത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ടയറുകൾ കത്തിച്ചാണ് പ്രതിഷേധക്കാർ സുരക്ഷാസേനയെ തടഞ്ഞു നിർത്താൻ ശ്രമിച്ചത്.

ബസ്രയിൽ പ്രതിഷേധക്കാർക്ക് നേരെ നടന്ന വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഷിയാ വിശുദ്ധനഗരമായ കെർബലയിൽ പ്രതിഷേധക്കാരുടെ കൂടാരങ്ങൾ സുരക്ഷാസേന കത്തിച്ചു. എന്നാൽ സുരക്ഷാസേന വെടിവെയ്പ്പ് നടത്തിയിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം, തൊഴിലില്ലായ്മ പരിഹരിക്കണം, അഴിമതി ഭരണം അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ ഒന്നുമുതലാണ് ഇറാഖിൽ സർക്കാരിനെതിരേ ജനം തെരുവിലിറങ്ങിയത്. പ്രതിഷേധത്തെ അടിച്ചമർത്താനുള്ള സുരക്ഷാസേനയുടെ ശ്രമത്തിൽ 280ഓളം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ലോകബാങ്കിന്റെ കണക്ക് പ്രകാരം ഇറാഖിൽ അഞ്ചിലൊരാൾ പട്ടിണിയിലാണ്. 25 ശതമാനമാണ് യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ. ട്രാൻസ്പെറൻസി ഇന്റർനാഷണലിന്റെ കണക്ക് പ്രകാരം അഴിമതി കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്താണ് ഇറാഖ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here