തിരുവനന്തപുരം നഗരസഭ: കെ ശ്രീകുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും
തിരുവനന്തപുരം നഗരസഭയിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ കെ ശ്രീകുമാര്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയാകും. ഇന്ന് ചേര്‍ന്ന സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. നിലവില്‍ ചാക്കയില്‍ നിന്നുള്ള കോര്‍പറേഷന്‍ കൗണ്‍സിലറും, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമാണ് ശ്രീകുമാര്‍.
പല പേരുകളും മേയര്‍ സ്ഥാനത്തേയ്ക്ക് പറഞ്ഞുകേട്ടിരുന്നെങ്കിലും ശ്രീകുമാറിന് തന്നെയായിരുന്നു തുടക്കം മുതല്‍ മുന്‍തൂക്കം. പാര്‍ട്ടിയിലെയും കൗണ്‍സിലിലെയും സീനിയോറിറ്റി അനുകൂല ഘടകമായി. പാര്‍ട്ടി വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗമാണ് ശ്രീകുമാര്‍. ജില്ല സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സെന്ററിന് കൈമാറിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരത്തോടെ ആയിരിക്കും പ്രഖ്യാപനം.
ജില്ലാ കമ്മിറ്റി അംഗം എസ് പുഷ്പലത, ഏരിയ കമ്മിറ്റി അംഗം ആര്‍ പി ശിവജി എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ബന്ധുകൂടിയാണ് കെ ശ്രീകുമാര്‍. ചൊവ്വാഴ്ചയാണ് മേയര്‍ തെരഞ്ഞെടുപ്പ്. നിലവില്‍ മേയറായിരുന്ന വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ മേയര്‍ തെരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.
സിപിഐഎമ്മിന് നഗരസഭയില്‍ തനിച്ച് ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ ഭരണം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. ബിജെപിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ കെ ശ്രീകുമാര്‍ മേയര്‍ ആകുമെന്ന് ഏറെക്കുറെ ഉറപ്പാണ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here