എംപിമാരുടെ പേരിൽ ലക്ഷക്കണക്കിനു രൂപയുടെ വിസത്തട്ടിപ്പ്; കൊല്ലം സ്വദേശിയെ പൊലീസ് നാടകീയമായി പിടികൂടി

എംപിമാരായ എൻ.കെ പ്രേമചന്ദ്രൻ , കുഞ്ഞാലിക്കുട്ടി എന്നിവരുടെ പേര് പറഞ്ഞ് വിസ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ. കൊല്ലം കുളത്തൂപ്പുഴ സ്വദേശി തമ്പിയെന്ന് വിളിക്കുന്ന സജിൻ ഷെറഫുദീനാണ് പിടിയിലായത്. പതിനഞ്ചോളം പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ തട്ടിയെടുത്തത്. തട്ടിപ്പിനിരയായവർ തന്നെ വീട് വളഞ്ഞ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.
നാടകീയമായാണ് തമ്പിയെ പൊലീസ് പിടികൂടിയത്. തട്ടിപ്പിനിരയായവർ രാവിലെ തന്നെ തമ്പിയുടെ വീട് വളഞ്ഞു. പല തവണ ആവശ്യപ്പെട്ടിട്ടും പുറത്തിറങ്ങാൻ തയ്യാറായില്ല. പൊലീസുകാരുമായി സംസാരിക്കുന്നതിനിടയിൽ എല്ലാവരേയും കബളിപ്പിച്ച് തമ്പി മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ ഓടിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
തിരുവനന്തപുരം സ്വദേശികളായ പതിനഞ്ചോളം പേരിൽ നിന്നുമാണ് ഇയാൾ പണം തട്ടിയത്. കൊല്ലം എംപി എൻ.കെ പ്രേമചന്ദ്രൻ, മലപ്പുറം എംപി കുഞ്ഞാലിക്കുട്ടി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. എംപിമാരുടെ പേരിലുള്ള കമ്പനിയിൽ ജോലി ഒഴിവുണ്ടെന്നും ഇതിനായി നാല് ലക്ഷം രൂപ ആവശ്യമാണെന്നും തമ്പി ഇടപാടുകാരെ വിശ്വസിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോരുത്തരും ആദ്യ രണ്ട് ലക്ഷം രൂപ ഇയാൾക്ക് കൈമാറി. ടിക്കറ്റും വിസയും നൽകിയ ശേഷം വീണ്ടും ഒന്നര ലക്ഷം രൂപ കൂടി നൽകി. പിന്നീട് വിസയിൽ ചില പോരായ്മകൾ ചൂണ്ടിക്കാട്ടി വിസിറ്റിംഗ് വിസ നൽകി. ഇതുമായി ഒമാനിലെത്തിയപ്പോഴാണ് യുവാക്കൾക്ക് തട്ടിപ്പ് മനസിലായത്.
ഇയാളുടെ തട്ടിപ്പിനിരയായ അഞ്ചോളം പേർ ഇപ്പോഴും ഒമാനിൽ കുടുങ്ങിക്കിടക്കുകയാണ്.
കൊല്ലം, തിരുവനന്തപുരം, തൃശൂർ , പത്തനംതിട്ട എന്നീ ജില്ലകളിൽ ഇയാൾക്കെതിരെ നിരവധി തട്ടിപ്പ് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here