കെ എം ബഷീറിന്റെ മരണത്തിന് കാരണം ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധമായ ഡ്രൈവിംഗ്; മദ്യപിച്ചതിന് തെളിവില്ലെന്ന് ഗതാഗത മന്ത്രി

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണത്തിന് കാരണമായത് ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധമായ ഡ്രൈവിംഗെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ശ്രീറാം വെങ്കിട്ടരാമൻ അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് റിപ്പോർട്ടിൽ പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ പി കെ ബഷീർ എംഎൽഎയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.

ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കെ എം ബഷീർ മരിക്കുന്നത്. ശ്രീറാമിനൊപ്പം സുഹൃത്ത് വഫയും ഉണ്ടായിരുന്നു. അപകട സമയം വാഹനമോടിച്ചത് വഫയാണെന്നായിരുന്നു ശ്രീറാമിന്റെ വാദം. എന്നാൽ ഇത് തള്ളി വഫ ഫിറോസും രംഗത്തെത്തി. ശ്രീറാം തന്നെയാണ് വാഹനമോടിച്ചതെന്നായിരുന്നു വഫ പൊലീസിന് നൽകിയ മൊഴി. സർവീസ് ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ശ്രീറാമിനെ അടത്ത ദിവസം തന്നെ സസ്‌പെൻഡ് ചെയ്തിരുന്നു.

ശ്രീറാമിനെ സഹായിക്കാൻ ഉന്നത പൊലീസ്, ഐഎഎസ് ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്ന ആരോപണം ശക്തമായിരുന്നു. ശ്രീറാമിന്റെ രക്തസാംപിൾ അപകടസമയത്ത് തന്നെ പരിശോധന നടത്താതിരുന്നത് പൊലീസിന്റെ വീഴ്ചയായി കോടതി വിലയിരുത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top