Advertisement

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരം എട്ട് മണിക്കൂര്‍ പിന്നിടുന്നു

November 11, 2019
Google News 0 minutes Read

ഡല്‍ഹി ജെവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെഎന്‍യു) വിദ്യാര്‍ത്ഥി പ്രക്ഷോഭം എട്ട് മണിക്കൂര്‍ പിന്നിടുന്നു. ജെഎന്‍യുവില്‍ പ്രധാന കവാടത്തിനു മുന്നില്‍ വിദ്യാര്‍ത്ഥികളും പൊലീസും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. വിദ്യാര്‍ത്ഥികളെ മാറ്റി പ്രധാന കവാടത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പൊലീസിനൊപ്പം അര്‍ധസൈനിക വിഭാഗവും രംഗത്തുണ്ട്.

പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുമായി എത്തിയ പൊലീസ് വാഹനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കില്ലെന്ന നിലപാടിലാണ് പൊലീസ്.

ഫീസ് വര്‍ധന ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വൈസ് ചാന്‍സലറുടെ നിലപാട് അറിയാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പക്ഷം. വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിശോധിക്കാമെന്ന് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി പറഞ്ഞുവെങ്കിലും അംഗീകരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയാറായില്ല. വിസിയെ കാണണമെന്ന ആവശ്യമാണ് വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവച്ചത്. ഇതിന് സര്‍വകലാശാല അധികൃതര്‍ തയാറാകാതെ വന്നതോടെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം ശക്തമാക്കുകയായിരുന്നു.

ഹോസ്റ്റല്‍ ഫീസ് അഞ്ച് ഇരട്ടിയോളം വര്‍ധിപ്പിച്ചതിനെതിരെ കഴിഞ്ഞ 15 ദിവസമായി ജെഎന്‍യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്. പുതിയ സമയക്രമത്തിലെ അതൃപ്തിയും വിദ്യാര്‍ത്ഥികള്‍ രേഖാമൂലം വൈസ് ചാന്‍സലറെ അറിയിക്കുകയും ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉള്‍പ്പടെ പങ്കെടുക്കുന്ന ബിരുദ ദാനചടങ്ങ് ബഹിഷ്‌കരിച്ച വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ പ്രകടനം നടത്തി. നാല്‍പ്പത് ശതമാനത്തിലധികം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ പഠിക്കുന്ന ക്യാമ്പസില്‍ ഫീസ് വര്‍ധനവ് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here