പുതുവൈപ്പ് സമരത്തിനിടെയുണ്ടായ ലാത്തിച്ചാർജ്; യതീഷ് ചന്ദ്രയുടെ സാക്ഷിയെ വിസ്തരിച്ചു

പുതുവൈപ്പ് ഐഒസി പ്ലാന്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ ലാത്തിച്ചാർജ് കേസിൽ അന്നത്തെ കൊച്ചി ഡെപ്യൂട്ടി കമ്മീഷണറായിരുന്ന യതീഷ് ചന്ദ്രയുടെ സാക്ഷിയെ മനുഷ്യാവകാശ കമ്മീഷൻ വിസ്തരിച്ചു. ആലുവ സ്വദേശിയായ അനീഷിനെയാണ് കമ്മീഷൻ ചെയർമാൻ ആന്റണി ഡൊമിനിക്കിന്റെ സിറ്റിംഗിൽ വിസ്തരിച്ചത്. യതീഷ് ചന്ദ്രയും സിറ്റിംഗിൽ പങ്കെടുത്തു.
ആലുവ പാലസിൽവച്ചാണ് വിസ്താരം നടന്നത്. കേസുമായി ബന്ധപ്പെട്ട് അനീഷ് നേരത്തേ സത്യാവങ്മൂലം സമർപ്പിച്ചിരുന്നു. സത്യവാങ്മൂലത്തിൽ നൽകിയ വിവരങ്ങളും സിറ്റിംഗിനിടെ പറഞ്ഞ കാര്യങ്ങളും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. സാക്ഷിയെ വിസ്തരിക്കുന്നതിനിടെ യതീഷ് ചന്ദ്ര ഇടപെട്ട് സംസാരിച്ചത് അഭിഭാഷകനെ ചൊടിപ്പിച്ചു. യതീഷ് ചന്ദ്രയുടെ ഇടപെടലിനെ അഭിഭാഷകൻ എതിർത്തു.
2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുതുവൈപ്പ് ഐഒസി പ്ലാന്റിനെതിരെ സമരം നയിച്ചവരെ യതീഷ് ചന്ദ്ര ക്രൂരമായി മർദ്ദിച്ചതായാണ് പരാതി. യതീഷ് ചന്ദ്രക്കെതിരെ സമരത്തിൽ പങ്കെടുത്ത ചെറിയ കുട്ടിവരെ സാക്ഷി പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതിനോടകം പല തവണ വിസ്താരം നടന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here