അയോധ്യയിലെ മുസ്ലിം പള്ളിക്ക് ബാബറിന്റെ പേര് വേണ്ട; ‘നല്ല’ മുസ്ലിമിന്റെ പേരു നൽകണമെന്ന് വിശ്വഹിന്ദു പരിഷത്ത്

അയോധ്യ വിധിയോടനുബന്ധിച്ച് മുസ്ലിം പള്ളി നൽകാനായി അനുവദിച്ചിരിക്കുന്ന സ്ഥലത്ത് പണിയുന്ന പള്ളിക്ക് ബാബറിൻ്റെ പേര് നൽകാൻ അനുവദിക്കരുതെന്ന് വിശ്വഹിന്ദു പരിഷത്ത്. കേന്ദ്രത്തോടാണ് അവർ ഇത്തരത്തിൽ ആവശ്യപ്പെട്ടത്. ബാബർ അക്രമകാരിയായിരുന്നുവെന്നും മറ്റേതെങ്കിലും നല്ല മുസ്ലിമിൻ്റെ പേര് പള്ളിക്കിടണമെന്നുമാണ് വിഎച്ച്പിയുടെ ആവശ്യം.
രാജ്യത്തിൻ്റെ വളർച്ചയ്ക്കും മറ്റും സംഭാവന നൽകിയ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എപിജെ അബ്ദുൽ കലാം, സ്വാതന്ത്ര്യ സമരസേനാനി അഷ്ഫാഖുല്ല ഖാന്‍ തുടങ്ങിയവരുടെ പേരുകൾ പള്ളിക്ക് ഇടണമെന്നാണ് വിഎച്ച്പി ആവശ്യപ്പെട്ടത്. ബാബർ വിദേശിയായിരുന്നുവെന്നും ആക്രമണം നടത്തിയാണ് അദ്ദേഹം ഇന്ത്യയിൽ സാമ്രാജ്യം സ്ഥാപിച്ചതെന്നും വിഎച്ച്പി പറയുന്നു. വിഎച്ച്പി നേതാവ് ശരദ് ശര്‍മ്മയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ക്ഷേത്ര നിർമ്മാണത്തിനായുള്ള ട്രസ്റ്റിൽ ആഭ്യന്തര മന്ത്രി അമിത് ഷായെക്കൂടി ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, പള്ളിയുടെ പേര് ഇപ്പോൾ സംസാരിക്കേണ്ട വിഷയമല്ലെന്നാണ് കേസിലെ പരാതിക്കാരിലൊരാളായ ഇഖ്ബാൽ അൻസാരിയുടെ അഭിപ്രായം. അനുവദിക്കുന്ന സ്ഥലം സ്വീകരിക്കണോ വേണ്ടയോ എന്നതാണ് നിലവിൽ ചർച്ച ചെയ്യേണ്ട വിഷയമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി ഏറ്റെടുക്കണോ എന്നത് സംബന്ധിച്ച് നവംബര്‍ 26ന് സുന്നി വഖഫ് ബോര്‍ഡ് യോഗം ചേരുന്നുണ്ട്.
തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാമെന്നായിരുന്നു കോടതി വിധി. ഒരു ബോർഡിന് കീഴിൽ മൂന്ന് മാസത്തിനകം ക്ഷേത്രം പണിയാനാണ് അനുമതി നൽകിയിരിക്കുന്നത്.
ഇതിനൊപ്പം തർക്കഭൂമിക്ക് പുറത്ത് അയോധ്യയിൽ തന്നെ മുസ്ലീങ്ങൾക്ക് പള്ളി പണിയാൻ അഞ്ച് ഏക്കർ നൽകണമെന്നും സുപ്രിംകോടതി പറഞ്ഞു.
വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, പുരാവസ്തുവകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിക്കുന്നതെന്ന് ഏകകണ്ഠമായി പുറത്തിറക്കിയ വിധി പ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു.
Vishwa Hindu Parishad would request the Centre to not allow the new mosque on 5-acre land to be named after Babar. The new mosque should be named after Kalam or Ashfaqullah Khan. pic.twitter.com/HYYeQLsX0z
— India With RSS (@IndiaWithRSS) November 12, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here