ദുരിതാശ്വാസ നിധിയിലേക്ക് പ്രണവിന്റെ സംഭാവന: ഹൃദയസ്പര്‍ശിയായ അനുഭവമെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ എത്തിയ ആലത്തൂര്‍ സ്വദേശി പ്രണവിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഒരു ഹൃദയ സ്പര്‍ശിയായ അനുഭവം ഉണ്ടായി എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ പിറന്നാള്‍ സമ്മാനം നല്‍കാനെത്തിയ പ്രണവിനെക്കുറിച്ചാണ് പറയുന്നത്.
ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് തന്റെ ജന്മദിനത്തില്‍ പ്രണവ് മുഖ്യമന്ത്രിക്ക് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകള്‍ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛന്‍ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വര്‍ണകുമാരിയെയും സാക്ഷിനിര്‍ത്തി പ്രണവ് പറഞ്ഞു. കെ ഡി പ്രസേനന്‍ എംഎല്‍എയും ഒപ്പമുണ്ടായിരുന്നു.
സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിറ്റൂര്‍ ഗവ കോളേജില്‍ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പിഎസ്‌സി കോച്ചിംഗിന് പോവുകയാണിപ്പോള്‍. കാല്‍ ഉപയോഗിച്ച് സെല്‍ഫിയും എടുത്ത പ്രണവുമായി ഏറെനേരം സംസാരിച്ച ശേഷമാണ് സന്തോഷപൂര്‍വം യാത്രയാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here