സ്പാനിഷ് വമ്പന്മാർ സൗദി അറേബ്യയിലേക്ക്; സൂപ്പർ കപ്പ് ഫുട്‌ബോൾ അടുത്ത മൂന്ന് വർഷം ജിദ്ദയിൽ നടക്കും

സ്പാനിഷ് വമ്പന്മാർ സൗദി അറേബ്യയിലേക്ക് എത്തും. സൂപ്പർ കപ്പ് ഫുട്‌ബോൾ അടുത്ത മൂന്ന് വർഷം സൗദിയിൽ വെച്ച് നടത്താൻ തീരുമാനം. റയലും ബാഴ്‌സയുമടക്കമുള്ള വമ്പൻ ടീമുകൾ സൗദിയിൽ പുൽമൈതാനങ്ങളിൽ പന്തു തട്ടും. ജിദ്ദയിൽവെച്ചാകും സൂപ്പർ കപ്പ് മത്സരങ്ങൾ നടക്കുക.
സൗദിയിൽ ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിലൂടെ 40 മില്യൺ സ്പാനിഷ് ഫുട്‌ബോൾ അസോസിയേഷന് ലഭിക്കുമെന്നാണ് നിഗമനം. നേരത്തെ ഇറ്റലിയിലെ സൂപ്പർ കപ്പും സൗദി അറേബ്യയിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്നു. രണ്ട് സെമി ഫൈനലും ഒരു ഫൈനലുമായി മൂന്നു മത്സരങ്ങളാണ് സ്പാനിഷ് സൂപ്പർ കപ്പിൽ ഉണ്ടാവുക. മത്സരം കാണാൻ സ്ത്രീകൾക്ക് യാതൊരു നിയന്ത്രണവും ഉണ്ടാകില്ല എന്ന് സ്പാനിഷ് ഫുട്‌ബോൾ അസോസിയേഷൻ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇത്തവണ 2020 ജനുവരി 8 മുതൽ ജനുവരി 12വരെയാണ് സ്പാനിഷ് സൂപ്പർ കപ്പ് നടക്കുക. സെമി ഫൈനലിൽ ബാഴ്‌സ അത്‌ലറ്റിക്കോ മാഡ്രിഡിനെയും റയൽ മാഡ്രിഡ് വലൻസിയയെയും നേരിടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here