നഷ്ടമായത് ഒരു വിക്കറ്റ്; ഇന്ത്യ ശക്തമായ നിലയിൽ

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ. ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലാണ് ഇന്ത്യ ആദ്യ ദിനം കളി അവസാനിപ്പിച്ചത്. രോഹിത് ശർമ്മ (6)യാണ് പുറത്തായത്. ചേതേശ്വർ പൂജാര (43), മായങ്ക് അഗർവാൾ (37) എന്നിവർ ക്രീസിൽ തുടരുകയാണ്.
ബംഗ്ലാദേശിനെ 150 റൺസിനു പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് എട്ടാം ഓവറിൽ തന്നെ കഴിഞ്ഞ പരമ്പരയിലെ മാൻ ഓഫ് ദി സീരീസായ രോഹിത് ശർമ്മയെ നഷ്ടമായി. അബു ജയെദിൻ്റെ പന്തിൽ ലിറ്റൺ ദാസ് പിടിച്ചാണ് ഇന്ത്യൻ ഓപ്പണർ പുറത്തായത്. ശേഷം ക്രീസിലെത്തിയ പൂജാര അനായാസം ബാറ്റ് ചെയ്തു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ പൂജാരക്ക് മായങ്ക് അഗർവാൾ പിന്തുണ നൽകി. ഇരുവരും ചേർന്ന് 72 റൺസാണ് ഇതുവരെ കൂട്ടിച്ചേർത്തത്.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യൻ ബൗളർമാർ തകർത്തെറിയുകയായിരുന്നു. മുഹമ്മദ് ഷമി മൂന്നു വിക്കറ്റുകളെടുത്തു. ആർ അശ്വിൻ, ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. 43 റൺസെടുത്ത മുഷ്ഫിക്കർ റഹീമാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. ക്യാപ്റ്റൻ മോമിനുൽ ഹഖ് 37 റൺസെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here