ശബരിമല വിധി; സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷണത്തില്‍

ശബരിമല യുവതി പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊലീസിന്റെ കനത്ത ജാഗ്രതാ നിര്‍ദേശം. അക്രമത്തിന് മുതിര്‍ന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങള്‍ വ്യാപകമായി നിരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്. മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക ജാഗ്രതയും സംസ്ഥാനത്ത് പുലര്‍ത്തുന്നുണ്ട്.
യുവതി പ്രവേശന വിധിക്കുശേഷം ശബരിമലയില്‍ മുമ്പുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് പ്രത്യേക ജാഗ്രത പുലര്‍ത്തുന്നത്. വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും നടപടിയെടുക്കും. സമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കും. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല വിഷയത്തിലെ ഹര്‍ത്താലും നിലയ്ക്കല്‍ അക്രമത്തിലും അടക്കം 2200 കേസുകളിലായി ഏഴായിരത്തോളം പേരെയാണ് അറസ്റ്റ് ചെയ്തത്.
വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. നവംബര്‍ 15 മുതല്‍ ജനുവരി 16 വരെ അഞ്ച് ഘട്ടങ്ങളിലായി സുരക്ഷ ഒരുക്കും. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പുറമെ 10,000 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here