ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്ഷണശാലകളിൽ കർശന പരിശോധന ഉറപ്പാക്കുമെന്ന് മന്ത്രി പി തിലോത്തമൻ

ശബരിമല തീർത്ഥാടന കാലത്ത് ഭക്ഷണശാലകളിൽ കർശന പരിശോധന ഉറപ്പാക്കുമെന്ന് മന്ത്രി പി തിലോത്തമൻ. കോട്ടയം ജില്ലയിലെയും എരുമേലിയിലെയും ഹോട്ടലുകളിൽ വിൽക്കുന്ന വെജിറ്റേറിയൻ ഭക്ഷ്യവസ്തുക്കളുടെ വില നിലവാരം ഏകീകരിച്ചു. ഊണിനും ചായയ്ക്കും ഉൾപ്പെടെ മുൻ വർഷത്തെ നിരക്ക് തുടരാനാണ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ തീരുമാനം.
സിവിൽ സപ്ലൈസ്, ഭക്ഷസുരക്ഷ, ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടറും പങ്കെടുത്ത യോഗത്തിലാണ് സസ്യാഹാരം വിൽക്കുന്ന ഹോട്ടലുകളിൽ കഴിഞ്ഞ വർഷത്തെ വില നിലവാരം തുടരാൻ തീരുമാനമായത്. എട്ട് കറികൾ ഉൾപ്പെടുന്ന കുത്തരി ഊണിന് അറുപത് രൂപയും, ആന്ധ്ര ഊണിന് അറുപത്തിയഞ്ച് രൂപയുമാണ് വില. കഞ്ഞിക്ക് മുപ്പത്തിയഞ്ച് രൂപയും ചായയ്ക്കും കാപ്പിക്കും പത്ത് രൂപയും തുടരും. ഇഡ്ഢലി, ദോശ, അപ്പം, ചപ്പാത്തി തുടങ്ങിവയ്ക്ക് എട്ട് രൂപ എന്നിങ്ങനെയാണ് നിരക്ക്. എരുമേലി ഉൾപ്പെടെ കോട്ടയം ജില്ലയിലെ എല്ലായിടത്തും ഏകീകൃത നിരക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിയന്ത്രണം നടപ്പാക്കാൻ കർശന പരിശോധന നടത്തുമെന്ന് മന്ത്രി പി തിലോത്തമൻ വ്യക്തമാക്കി.
ഭക്ഷ്യവസ്തുക്കളിലെ മായവും, അളവ് തൂക്കവും വിലയും പരിശോധിക്കാൻ പ്രത്യേക സ്‌ക്വാഡുകൾ പ്രവർത്തിക്കും. സിവിൽ സപ്ലൈസ് ഔട്ട് ലെറ്റുകൾ വഴിയും, റേഷൻ കടകൾ വഴിയും പതിനൊന്ന് രൂപയ്ക്ക് കുപ്പിവെള്ളവും എത്തിക്കും. പാചക വാതക ലഭ്യതയിൽ ഉൾപ്പെടെ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. കോട്ടയത്തിന് പുറമെ, പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിലും സസ്യാഹാരം വിൽക്കുന്ന ഹോട്ടലുകളിലും വില നിയന്ത്രണത്തിന് നിർദേശം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here