Advertisement

സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തിന്റെ വിജയക്കുതിപ്പു തകർത്ത് രാജസ്ഥാൻ

November 15, 2019
Google News 1 minute Read

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനു പരാജയം. രാജസ്ഥാനോട് ഏഴു വിക്കറ്റിനാണ് കേരളം പരാജയപ്പെട്ടത്. ഇതോടെ മൂന്നു മത്സരങ്ങൾ നീണ്ട കേരളത്തിൻ്റെ വിജയക്കുതിപ്പിനും അവസാനമായി. കേരളം മുന്നോട്ടു വെച്ച 165 റൺസ് വിജയലക്ഷ്യം 17 ഓവറിൽ രാജസ്ഥാൻ മറികടക്കുകയായിരുന്നു. കേരളത്തിനായി സഞ്ജു സാംസൺ 53 റൺസെടുത്ത് ടോപ്പ് സ്കോററായി. സച്ചിൻ ബേബി 47 റൺസെടുത്തു. രാജസ്ഥാനായി 76 റൺസെടുത്ത രാജേഷ് ബിഷ്ണോയും 44 റൺസെടുത്ത അർജിത് ഗുപ്തയും പുറത്താവാതെ നിന്നു.

ടോസ് നേടി കേരളത്തെ ബാറ്റിംഗിനയച്ച രാജസ്ഥാൻ നാലാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് വീഴ്ത്തി. 11 റൺസെടുത്ത ജലജ് സക്സേനയെ ദീപക് ചഹാർ പുറത്താക്കി. രണ്ടാം വിക്കറ്റിൽ വിഷ്ണു വിനോദ്-സഞ്ജു സാംസൺ കൂട്ടുകെട്ട് 64 റൺസ് കൂട്ടിച്ചേർത്ത് കേരളത്തെ മുന്നോട്ടു നയിച്ചു. 12ആം ഓവറിൽ വിഷ്ണു വിനോദിനെ പുറത്താക്കിയ തൻവീറുൽ ഹഖാണ് ഈ കൂട്ടുകെട്ട് തകർത്തത്. 30 പന്തുകളിൽ 36 റൺസെടുത്താണ് വിഷ്ണു പുറത്തായത്.

ഏറെ വൈകാതെ സഞ്ജുവും പുറത്തായി. 39 പന്തുകളിൽ 53 റൺസെടുത്ത സഞ്ജുവിനെ രാഹുൽ ചഹാർ റണ്ണൗട്ടാക്കുകയായിരുന്നു. നാലാം വിക്കറ്റിൽ ഉത്തപ്പയെ സാക്ഷി നിർത്തി കൂറ്റൻ ഷോട്ടുകളിലൂടെ കളി പിടിച്ച സച്ചിൻ ബേബി കേരളത്തെ മികച്ച സ്കോറിലേക്ക് നയിച്ചു. 29 പന്തുകളിൽ 47 റൺസെടുത്ത സച്ചിൻ ബേബി 19ആം ഓവറിലെ അവസാന പന്തിൽ പുറത്തായി. ദീപക് ചഹാറാണ് സച്ചിനെ പുറത്താക്കിയത്. അവസാന ഓവറിലെ അഞ്ചാം പന്തിൽ ഉത്തപ്പയെയും (11) അവസാന പന്തിൽ മുഹമ്മദ് അസ്‌ഹറുദ്ദീനെയും (1) പുറത്താക്കിയ ഖലീൽ അഹ്മദ് കേരള ഇന്നിംഗ്സിനു തിരശീലയിട്ടു. ദീപക് ചഹാറും ഖലീൽ അഹ്മദും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് രണ്ടാം ഓവറിൽ മനേന്ദ്ര സിംഗിനെ നഷ്ടമായി. ആസിഫ് കെഎമ്മിനായിരുന്നു വിക്കറ്റ്. തുടർന്ന് കൂറ്റൻ ഷോട്ടുകളുമായി വളരെ വേഗം സ്കോർ ഉയർത്തിയ രാജസ്ഥാൻ കേരളാ ബൗളർമാരെ നാലുപാടും തല്ലിച്ചതച്ചു. 19 പന്തുകളിൽ 35 റൺസെടുത്ത അങ്കിത് ലാംബയെ എസ് മിധുൻ പുറത്താക്കി. രാകേഷ് ബിഷ്ണോയിയുമായി ചേർന്ന് 67 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ലാംബ പുറത്തായത്. തുടർന്ന് ക്രീസിലെത്തിയ മഹിപാൽ ലോംറോർ (3) അക്ഷയ് ചന്ദ്രനു മുന്നിൽ കീഴടങ്ങി വേഗം മടങ്ങി.

അഞ്ചാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ അർജിത് ഗുപ്തയുടെ കൂറ്റനടികളാണ് രാജസ്ഥാൻ വിജയം നേരത്തെയാക്കിയത്. 22 പന്തുകൾ നേരിട്ട അർജിത് 44 റൺസ് അടിച്ചു കൂട്ടി. അർജിതിനൊപ്പം 76 റൺസെടുത്ത രാകേഷ് ബിഷ്ണോയും പുറത്താവാതെ നിന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here