വിഷ്ണു പ്രസാദിന്റെ ബാഗ് തിരികെ ലഭിച്ചു; സോഷ്യൽ മീഡിയക്ക് നന്ദി

കഴിഞ്ഞ ദിവസം തൃശൂർ നഗത്തിൽ വെച്ച് വിദ്യാഭ്യാസ രേഖകളടങ്ങിയ ബാഗ് നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരൻ്റെ വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിഷ്ണു പ്രസാദ് എന്ന ചെറുപ്പക്കാരൻ പൊട്ടിക്കരഞ്ഞു കൊണ്ട് ആ ബാഗിലെ വിദ്യാഭ്യാസ രേഖകളെങ്കിലും തിരികെ നൽകണമെന്നാവശ്യപ്പെട്ടതും നമ്മൾ കണ്ടു. നമ്മളിൽ പലരും അത് പങ്കുവെക്കുകയും ചെയ്തു. അസംഖ്യം ഷെയറുകൾക്കും അന്വേഷണങ്ങൾക്കും ശേഷം ഇപ്പോഴിതാ ആ ബാഗ് തിരികെ ലഭിച്ചിരിക്കുകയാണ്.
തളിക്കുളം സ്വദേശിയായ ഷാഹിദും സുഹൃത്തായ പത്താങ്കല്‍ സ്വദേശി ഇമ്രാനുമാണ് സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ഫയല്‍ കണ്ടെടുത്തത്. സ്വരാജ് റൗണ്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇത് കണ്ടെത്തിയത്. കുറുപ്പം റോഡില്‍ ഗ്രാഫിക് ഡിസൈനിങ് സ്ഥാപനം നടത്തുന്ന ഷാഹിദും ഷാഹിദ് ഇവിടുത്തെ ജീവനക്കാരനായ ഇമ്രാനും വെള്ളിയാഴ്ച വൈകിട്ട് പുറത്തിറങ്ങിയപ്പോഴാണ് ഫയല്‍ കണ്ടത്. തുടര്‍ന്ന് ഇവര്‍ ഇത് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ബാഗിലെ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ഏതാനും രേഖകളാണ് തിരികെ ലഭിച്ചത്. തിരിച്ചറിയില്‍ കാര്‍ഡും യോഗ്യതാ സര്‍ട്ടിഫിക്കറ്റും ഇനി കിട്ടാനുണ്ടെന്നാണ് വിവരം.
വിഷ്ണുവിന്റെ ബാഗ് ഈ മാസം 10ന് ആണ് റെയിൽവേ സ്റ്റേഷനിൽ വച്ച് മോഷ്ടിക്കപ്പെട്ടത്. ജർമനിയിൽ നിയമനം നേടുന്നത് വരെ ചെലവിനുള്ള പണം കണ്ടെത്താൻ തൃശൂരിൽ സ്വകാര്യ ഹോട്ടലിൽ ജോലി തരപ്പെടുത്തിയ വിഷ്ണുപ്രസാദ് ആ ജോലിക്കായി ഗൂഡല്ലൂരിൽ നിന്ന് തൃശൂരിൽ എത്തിയതായിരുന്നു. ഹോട്ടൽ മാനേജ്‌മെന്റ് പഠനത്തിന് ശേഷം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ആറ് വർഷം ജോലി ചെയ്ത പരിചയം കൂടി വച്ചാണ് വിദേശത്ത് ജോലിക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
10ന് രാവിലെ 10.15ന് തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ വിഷ്ണുപ്രസാദ് വിശ്രമ മുറിയിൽ കയറി. അവിടെ കയറി മിനിറ്റുകൾക്കകമാണ് ബാഗ് പോയത്. സ്റ്റേഷൻ മുഴുവൻ തെരഞ്ഞ ശേഷം പൊലീസിനെ സമീപിച്ചു. സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ സ്റ്റേഷനിലെ പല ക്യാമറകളും പ്രവർത്തനക്ഷമമല്ലായിരുന്നു. അതോടെ ആ വഴിക്കുള്ള അന്വേഷണവും വഴിമുട്ടി. ഇതിനിടെയാണ് ബാഗ് തിരികെ ലഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here