ബംഗ്ലാദേശ് 213നു പുറത്ത്; ഇന്ത്യക്ക് ഇന്നിംഗ്സ് ജയം

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. ഇന്നിംഗ്സിനും 130 റൺസിനുമാണ് ഇന്ത്യ അയൽക്കാരെ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിംഗ്സിൽ 150നു പുറത്തായ അവർ രണ്ടാം ഇന്നിംഗ്സിൽ 213ന് ഓൾഔട്ടായി. 64 റൺസെടുത്ത മുഷ്ഫിക്കർ റഹീമാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി മുഹമ്മദ് ഷമി നാലും ആർ അശ്വിൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

രണ്ടാം ദിനം 493/6 എന്ന നിലയിൽ ഇന്നിംഗ്സ് അവസാനിപ്പിച്ച ഇന്ത്യ ബംഗ്ലാദേശിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെക്കാൾ 343 റൺസ് മുന്നിലായിരുന്നു. മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാ ബാറ്റ്സ്മാന്മാർ ഇന്ത്യൻ പേസ് അറ്റാക്കിനു മുന്നിൽ പിടഞ്ഞു വീണു. ഇമ്രുൽ കയെസ് (6), ഷദ്മൻ ഇസ്ലാം (6) എന്നിവരെ യഥാക്രമം ഉമേഷ് യാദവും ഇഷാന്ത് ശർമ്മയും പുറത്താക്കി. ശേഷം ക്യാപ്റ്റൻ മോമിനുൽ ഹഖ് (7), മുഹമ്മദ് മിഥുൻ (18), മഹ്മൂദുല്ല (15) എന്നിവരെ പുറത്താക്കിയ മുഹമ്മദ് ഷമി ബംഗ്ലാദേശ് മധ്യനിരയുടെ നടു ഒടിച്ചു.

72/5 എന്ന നിലയിൽ പതറിയ ബംഗ്ലാദേശിനെ ആറാം വിക്കറ്റിൽ മുഷ്ഫിക്കർ റഹീമും ലിറ്റൺ ദാസും ചേർന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 63 റൺസ് സ്കോർ ബോർഡിലേക്ക് ചേർത്തു. 35 റൺസെടുത്ത ലിറ്റൺ ദാസിനെ സ്വന്തം ബൗളിംഗിൽ പിടികൂടിയ അശ്വിനാണ് ഈ കൂട്ടുകെട്ട് തകർത്തത്. ഏഴാം വിക്കറ്റിൽ മുഷ്ഫിക്കറിനൊപ്പം ചേർന്ന മെഹദി ഹസനും നന്നായി ബാറ്റ് ചെയ്തു. ഇരുവരും ചേർന്ന് 59 റൺസ് കൂട്ടിച്ചേർത്തു. 38 റൺസെടുത്ത മെഹദി ഹസനെ ഉമേഷ് യാദവ് ബൗൾഡാക്കുകയായിരുന്നു.

തൈജുൽ ഇസ്ലാം (6) ഷമിയുടെ നാലാം ഇരയായി പവലിയനിലേക്ക് മടങ്ങി. ഏറെ വൈകാതെ തൻ്റെ 20ആം ടെസ്റ്റ് അർധസെഞ്ചുറി കണ്ടെത്തിയ മുഷ്ഫിക്കർ റഹീം അശ്വിനു മുന്നിൽ കീഴടങ്ങിയതോടെ ബംഗ്ലാദേശ് ഭീമമായ തോൽവി ഉറപ്പിച്ചു. ഇബാദത്ത് ഹുസൈനെ (1) ഉമേഴ് യാദവിൻ്റെ കൈകളിലെത്തിച്ച അശ്വിൻ അത് നടപ്പിലാക്കുകയും ചെയ്തു.

നേരത്തെ കരിയറിലെ രണ്ടാം ഇരട്ട സെഞ്ചുറി നേടിയ മായങ്ക് അഗർവാളിൻ്റെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോർ കുറിച്ചത്. അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര, രവീന്ദ്ര ജഡേജ എന്നിവർ അർധസെഞ്ചുറി നേടി. ബംഗ്ലാദേശിനായി അബു ജെയ്ദ് നാലു വിക്കറ്റ് വീഴ്ത്തി. 11 ഇന്നിംഗ്സുകൾ മാത്രം കളിച്ച മായങ്ക് തൻ്റെ കരിയറിലെ രണ്ടാമത്തെ ഇരട്ട സെഞ്ചുറിയാണ് തികച്ചത്. 243 റൺസെടുത്ത മായങ്ക് മെഹദി ഹസനു വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്. 330 പന്തുകൾ നേരിട്ട അദ്ദേഹം 28 ബൗണ്ടറികളും എട്ട് സിക്സറുകളും സഹിതമാണ് 243 റൺസിലെത്തിയത്.

മായങ്ക് പുറത്തായതിനു ശേഷം ഉത്തരവാദിത്തം ഏറ്റെടുത്ത രവീന്ദ്ര ജഡേജ ക്ഷണവേഗത്തിൽ സ്കോർ ഉയർത്തി. വൃദ്ധിമാൻ സാഹ (12) പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ ഉമേഷ് യാദവ് ടി-20 ശൈലിയിലാണ് ബാറ്റ് വീശിയത്. 76 പന്തുകളിൽ 60 റൺസെടുത്ത ജഡേജയും 10 പന്തുകളിൽ 25 റൺസെടുത്ത ഉമേഷ് യാദവും പുറത്താവാതെ നിന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സ്വപ്‌ന സുരേഷ് ആദ്യമായി ഒരു മാധ്യമത്തോട് പ്രതികരിക്കുന്നു
ട്വന്റിഫോർ എക്‌സ്‌ക്ലൂസിവ്
'ഡിപ്ലോമാറ്റിക് കാർഗോയുമായി ബന്ധമില്ല'
'ഡിപ്ലോമാറ്റിക് കാർഗോ ആര് അയച്ചോ അവരുടെ പിറകെ നിങ്ങൾ പോകണം'
'യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തണം '
'ഞങ്ങളെ ആത്മഹത്യ ചെയ്യാൻ വിട്ടു കൊടുക്കരുത്‌'
Top
More