Advertisement

മഹാരാഷ്ട്ര സർക്കാർ രൂപീകരണം; സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി സഖ്യ കക്ഷികൾ

November 17, 2019
Google News 0 minutes Read

സർക്കാർ രൂപീകരണ വിഷയത്തിൽ ഗവർണർ അനുകൂല തീരുമാനം കൈക്കൊണ്ടിട്ടില്ലെങ്കിൽ
സുപ്രിംകോടതിയെ സമീപിക്കാൻ ശിവസേന, കോൺഗ്രസ്, എൻസിപി പാർട്ടികൾ തീരുമാനിച്ചു. ബുധനാഴ്ചയ്ക്കുള്ളിൽ രാഷ്ട്രപതിഭരണം പിൻവലിച്ച് സർക്കാർ രൂപീകരിക്കാൻ അവസരം നൽകിയില്ലെങ്കിൽ സുപ്രിംകോടതിയിൽ ഹർജി നൽകാനാണ് ഇപ്പോഴത്തെ ധാരണ.

അതേസമയം, ഇന്ന് നടക്കാനിരുന്ന സോണിയ ഗാന്ധി ശരത് പവാർ കൂടിക്കാഴ്ച നാളെ നടക്കും. തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷത്തിരിക്കാൻ ശിവസേന തീരുമാനിച്ചു.

ബാൽ താക്കറെയുടെ ഏഴാം ചരമവാർഷികമായ ഇന്ന് ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രി സ്ഥാനം പ്രഖ്യാപിക്കുകയായിരുന്നു ശിവസേനയുടെ ലക്ഷ്യം. ഗവർണർ ഇന്നലെ കോൺഗ്രസ് ശിവസേന എൻസിപി നേത്യസംഘത്തെ കാണാൻ തയാറാകാത്തത്‌ കൊണ്ട് ഫലത്തിൽ ഈ ലക്ഷ്യമാണ് നടക്കാതെ പോയത്. പരസ്യമായി ബിജെപി വിരുദ്ധ സഖ്യം വരൾച്ച വിഷയങ്ങൾ കാണാനാണ് സമയം ചോദിച്ചതെന്ന് പറയുന്നെങ്കിലും അംഗബലം അറിയിക്കുക തന്നെ ആയിരുന്നു കൂടിക്കാഴ്ചയുടെ ആത്യന്തിക ലക്ഷ്യം. ഈ സാഹചര്യത്തിൽ ഗവർണർ സർക്കാർ രൂപീകരണത്തിന് ഏതെങ്കിലും വിധത്തിൽ തടയിടുമോ എന്നതാണ് ഇവരുടെ ആശങ്ക.

ഒരോ ദിവസം വൈകുംന്തോറും അത് ബിജെപി നൽകുന്ന അവസരമായി കാണുന്ന പശ്ചത്തലത്തിലാണ് ഇത്. ഈ സാഹചര്യത്തിൽ ഇനിയും വൈകിയാൽ സുപ്രിംകോടതിയെ സമീപിക്കാൻ മൂന്ന് പാർട്ടികളും തമ്മിൽ ധാരണ രൂപപ്പെട്ടു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും എൻസിപി അധ്യക്ഷൻ ശരദ് പവാറും ഞായറാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച തിങ്കളാഴ്ചത്തേക്ക് മാറ്റി. എൻസിപിയുടെ കോർ കമ്മിറ്റി യോഗം ഞായറാഴ്ച വൈകിട്ട് പുണെയിൽ നടക്കുന്ന സാഹചര്യത്തിലാണിത്. പുണെയിലെ യോഗത്തിനുശേഷമെ പവാർ സോണിയയെ കാണാൻ ന്യൂഡൽഹിക്ക് പോകൂ. മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരിക്കുന്നതിന്റെ ഭാഗമായി ശിവസേനയുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് നടത്തുന്നത്.

സർക്കാർ രൂപവത്കരണം സംബന്ധിച്ച പൊതുമിനിമം പരിപാടിക്ക് കോൺഗ്രസും എൻസിപിയും അന്തിമരൂപം ഉണ്ടാക്കിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. പൊതു മിനിമം പരിപാടിയുടെ വിശദാംശങ്ങളും മൂന്നു പാർട്ടികൾക്കും ഇടയിൽ മന്ത്രിസ്ഥാനങ്ങൾ പങ്കുവെക്കുന്നതിനെക്കുറിച്ചും പവാറും സോണിയയും ചർച്ച നടത്തുമെന്ന് എൻസിപി വൃത്തങ്ങൾ പറഞ്ഞു.

നാളെ ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന എൻഡിഎ യോഗം ശിവസേന ബഹിഷ്‌ക്കരിച്ചു. എൻഡിഎ സഖ്യത്തിൽ ഇപ്പോൾ തങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ യോഗത്തിൽ പങ്കെടുക്കാൻ ബാധ്യത ഇല്ലെന്ന് സജ്ഞയ് റാവുത്ത് വ്യക്തമാക്കി. പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷ നിരയിൽ  ഇരിക്കാനും ശിവസേന തീരുമാനിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here