കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമൺ-കൊച്ചി പവർ ഹൈവേ; ഉദ്ഘാടനം നാളെ

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമൺ-കൊച്ചി പവർ ഹൈവേയുടെ ഉദ്ഘാടനം നാളെ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ഇടമൺ-കൊച്ചി പവർ ഹൈവേ പൂർത്തിയായതോടെ 400 കെ.വി ശൃംഖലയിലൂടെ ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനാകും. പവർഗ്രിഡ് കോർപ്പറേഷൻ പദ്ധതി പൂർത്തീകരിച്ചതോടെ പ്രസരണനഷ്ടം കുറച്ച് കേരളത്തിന് ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കാനാകും എന്നതും നേട്ടമാണ്.
ഇടമൺ-കൊച്ചി പവർ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന്റെ വൈദ്യുതി മേഖലയിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2000 മെഗാവാട്ട് പ്രസരണ ശേഷിയുള്ള ലൈനിലൂടെ വൈദ്യുതി എത്തിത്തുടങ്ങിയതോടെ കേരളത്തിലെ പ്രസരണ ശൃംഖലയിൽ ശരാശരി രണ്ട് കിലോ വോൾട്ട് വർധനയാണ് ഉണ്ടായത്. സെപ്തംബർ 25 മുതൽ നടത്തിവരുന്ന ലൈൻ ചാർജിംഗ് വിജയപ്രദമായതോടെയാണ് പദ്ധതി ഔദ്യോഗികമായി സംസ്ഥാനത്തിന് സമർപ്പിക്കാൻ തീരുമാനിച്ചത്.
കേരളത്തിന്റെ സ്ഥാപിത വൈദ്യുതോത്പാദന ശേഷി 2980 മെഗാവാട്ടാണ്. എന്നാൽ സംസ്ഥാനത്തിന്റെ വൈദ്യുതി ഉപയോഗം 4350 മെഗാവാട്ട് വരെ ഉയർന്നിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്ന വില കുറഞ്ഞ വൈദ്യുതി ഇവിടേക്ക് എത്തിച്ചാണ് ഈ കുറവ് പരിഹരിക്കുന്നത്. കേരളത്തിലേക്കുള്ള ഹൈ-വോൾട്ടേജ് വൈദ്യുതി ലൈനുകളുടെ കുറവ് മൂലം ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന് ലോഡ് ഡെസ്പാച്ച് സെന്ററുകൾ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഇടമൺ-കൊച്ചി ലൈൻ പൂർത്തിയായതോടെ ലൈനുകളുടെ ശേഷി വർധിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി സ്വീകരിക്കുമ്പോൾ കേരളത്തിന് 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടായിരുന്നു. വൈദ്യുതി എത്തിക്കുന്ന ലൈനുകൾ പരമാവധി ശേഷിക്ക് അടുത്തെത്തിയെന്നതും പ്രതിസന്ധി വർധിപ്പിച്ചു. ഇടമൺ-കൊച്ചി പവർ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ ഇതിനെല്ലാം ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here