പെരിയാറും അംബേദ്കറും ബൗദ്ധിക ഭീകരവാദികളെന്ന് ബാബ രാംദേവ്; പ്രതിഷേധിച്ച് സോഷ്യൽ മീഡിയ

പെരിയാർ ഇവി രാമസ്വാമിയും ഡോക്ടർ ബിആർ അംബേദ്കറും ബൗദ്ധിക ഭീകരവാദികളെന്നു വിശേഷിപ്പിച്ച പതഞ്ജലി സഹസ്ഥാപകൻ ബാബ രാംദേവിനെതിരെ കടുത്ത പ്രതിഷേധവുമായി സോഷ്യൽ മീഡിയ. രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നും പതഞ്ജലി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് ട്വിറ്ററിലാണ് ഹാഷ് ടാഗ് പ്രതിഷേധം ശക്തമാകുന്നത്.
ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു രാംദേവ് അംബേദ്കറിനെയും പെരിയാറിനെയും അവഹേളിച്ച് രംഗത്തു വന്നത്. ജാതിവെറിക്കെതിരെ പോരാടിയ ഇരുവരും ബൗദ്ധിക ഭീകരവാദികളാണെന്ന് രാംദേവ് പറഞ്ഞു. ഇന്ത്യക്കാർക്ക് മാർക്സിനെയും മാവോയെയും ലെനിനെയുമൊന്നും ആവശ്യമില്ലെന്നും അവർ ഇന്ത്യൻ സംസ്കാരത്തിന് എതിരായിരുന്നുവെന്നും രാംദേവ് ആരോപിച്ചു. അവരുടെ ആശയങ്ങൾ പിന്തുടരുന്നവരെല്ലാം മോശക്കാരാണ്. അവരൊക്കെ രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും രംദേവ് പറഞ്ഞു.
ഇതേത്തുടർന്നാണ് ട്വിറ്ററിൽ പ്രതിഷേധം ശക്തമായത്. രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നും പതഞ്ജലി ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് ട്വിറ്ററിൽ പ്രതിഷേധം ശക്തമാകവെ സല്യൂട്ട് ബാബ രാംദേവ് എന്ന മറ്റൊരു ഹാഷ് ടാഗ് കൂടി ട്വിറ്ററിൽ ട്രെൻഡിംഗ് ആകുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here