കൂടത്തായി കൊലപാതകം; കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്താനായില്ലെന്ന് പൊലീസ്

കൂടത്തായിയിൽ കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്താനായില്ലെന്ന് പൊലീസ്. മൂന്നാം പ്രതി പ്രജുകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. സയനൈഡിന്റെ അംശം ശരീരത്തിൽ അധികനാൾ നിലനിൽക്കില്ല. മരിച്ചവരുടെ ശരീരത്തിൽ സയനൈഡിന്റെ അംശം ഉള്ളതായി റീപോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇല്ല. ജോളിയുടെ വീട്ടിൽ നിന്ന് സയനൈഡ് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ജോളിയ്ക്ക് സയനൈഡ് എത്തിച്ച് നൽകിയത് പ്രജുകുമാറാണ്. എന്നാൽ ജോളിയുടെ ഭർത്താവ് റോയി തോമസിന്റെ മൃതദേഹത്തിൽ മാത്രമാണ് സയനൈഡിന്റെ അംശം കണ്ടെത്തിയത്. റോയി തോമസിന്റെ കൊലപാതകത്തിൽ മാത്രമാണ് അറസ്റ്റ് നടന്നിട്ടുള്ളത്. മറ്റു കൊലപാതകങ്ങളും വിഷം ഉള്ളിൽ ചെന്നാണെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ കേസുകളിൽ അന്വേഷണം പുരോഗമിക്കുയാണ്.
ജോളിയുടെ മുൻ ഭർത്താവ് റോയി, റോയിയുടെ പിതാവ് റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, ടോം തോമസിന്റെ സഹോദര പുത്രൻ ഷാജു സ്‌കറിയയുടെ ഭാര്യ സിലി, മകൾ അൽഫോൺസ, അന്നമ്മയുടെ സഹോദരൻ മാത്യു എന്നിവരാണ് പന്ത്രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടത്. ആദ്യം കൊല്ലപ്പെട്ടത് അന്നമ്മയായിരുന്നു. 2002 ആഗസ്റ്റ് 22 നായിരുന്നു അന്നമ്മയുടെ മരണം. തുടർന്ന് 2008 ആഗസ്റ്റ് 26 ന് ടോം തോമസ് മരണപ്പെട്ടു. 2011 സെപ്തംബർ 30 ന് റോയിയും 2014 ഫെബ്രുവരി 24 ന് മാത്യുവും കൊല്ലപ്പെട്ടു. രണ്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന അൽഫോൺസ 2014 മെയ് മൂന്നിനാണ് മരിച്ചത്. തുടർന്ന് 2016 ജനുവരി പതിനൊന്നിന് സിലിയും മരിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here