സ്റ്റെയിനും സ്റ്റോയിനിസും പുറത്ത്; നെഗിയും സിറാജും അകത്ത്: പ്ലയർ റിലീസിൽ മണ്ടത്തരം തുടർന്ന് ബാംഗ്ലൂർ

മികച്ച താരങ്ങളുണ്ടായിട്ടും ഇതുവരെ കപ്പടിക്കാൻ യോഗമില്ലാതെ പോയ ക്ലബാണ് വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. കഴിഞ്ഞ സീസണിലെ മോശം തുടക്കത്തിൽ നിന്ന് അവസാന മത്സരങ്ങളിൽ പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും ടേബിളിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒരു സീസണിൽ നിന്ന് അടുത്ത സീസണിലേക്ക് കടക്കുമ്പോൾ ടീമിൻ്റെ കോർ മാത്രം നിലനിർത്തി പുതിയ ടീം ഉണ്ടാക്കിയെടുക്കുകയാണ് വർഷങ്ങളായി ബാംഗ്ലൂരിൻ്റെ തന്ത്രം. ദീർഘകാല കരാറോ കരിയറോ ലഭിക്കാത്തതു കൊണ്ട് തന്നെ ക്ലബിൽ ഒരു ഇമ്പാക്ട് ഉണ്ടാക്കിയെടുക്കാൻ കളിക്കാർക്ക് സാധിക്കാറുമില്ല. ആ മണ്ടത്തരം ഈ സീസണിലും തുടർന്നിരിക്കുകയാണ്.

ഡിസംബറിൽ നടക്കുന്ന താരലേലത്തിനു മുന്നോടിയായി 12 താരങ്ങളെയാണ് ബാംഗ്ലൂർ റിലീസ് ചെയ്തത്. ടീമിൻ്റെ പകുതിയോളം താരങ്ങളെ ബാംഗ്ലൂർ മാനേജ്മെൻ്റ് ലേലത്തട്ടിലേക്ക് വിട്ടു. ഒഴിവാക്കിയവരിൽ ഡെയിൽ സ്റ്റെയിൻ, മാർക്കസ് സ്റ്റോയിനിസ്, ഷിംറോൺ ഹെട്മെയർ എന്നിവരൊക്കെ ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ സീസണിൽ പകരക്കാരനായി എത്തിയ സ്റ്റെയിൻ രണ്ട് മത്സരങ്ങൾക്കു ശേഷം പരിക്കേറ്റ് മടങ്ങിയെങ്കിലും ആ രണ്ട് മത്സരങ്ങളിൽ പുറത്തെടുത്തത് ഗംഭീര പ്രകടനമായിരുന്നു. ആ രണ്ട് കളിയും ബാംഗ്ലൂർ ജയിക്കുകയും ചെയ്തു. കളിച്ച മത്സരങ്ങളില്ലാം തന്നെ ഭേദപ്പെട്ട പ്രകടനം നടത്തിയ താരമാണ് മാർക്കസ് സ്റ്റോയിനിസ്. ബെംഗളൂരുവിനു വേണ്ടി ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ അഞ്ചാമതായിരുന്നു അദ്ദേഹം. ഷിംറോൺ ഹെട്‌മെയർ ആദ്യ മത്സരങ്ങളിൽ പരാജയപ്പെട്ടെങ്കിലും അവസാന മത്സരത്തിൽ മികച്ച പ്രകടനം നടത്തി. വെറും അഞ്ച് മത്സരങ്ങൾ മാത്രമേ ഹെട്‌മെയർ കളിച്ചുള്ളൂ എന്നോർക്കണം. ഇവരെയൊക്കെ എന്തിനു റിലീസ് ചെയ്തു? തമ്പുരാനറിയാം!

ഇനി ടീമിൽ നിലനിർത്തപ്പെട്ട ചിലരെ നോക്കാം. പവൻ നെഗി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിങ്ങനെയുള്ള ചിലരെയാണ് ബാംഗ്ലൂർ വീണ്ടും പന്തേല്പിക്കാൻ പോകുന്നത്. നെഗി ക്ലബിനു വേണ്ടി എന്താണ് ഇതിനു മാത്രം ചെയ്തതെന്ന് ബാംഗ്ലൂർ മാനേജ്മെൻ്റിനോട് തന്നെ ചോദിക്കണം. കഴിഞ്ഞ സീസണിൽ ഏഴ് മത്സരങ്ങൾ കളിച്ച് വീഴ്ത്തിയത് 3 വിക്കറ്റ്. ബാറ്റിംഗിൽ നാലു മത്സരങ്ങളിൽ നിന്ന് ആകെ നേടിയത് 9 റൺസ്. മുഹമ്മദ് സിറാജാവട്ടെ, 9 മത്സരങ്ങളിൽ നിന്ന് നേടിയത് ഏഴു വിക്കറ്റ്. 9.55 ആണ് എക്കണോമി. ആകെ കളിച്ച 26 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റുള്ള സിറാജിൻ്റെ ഐപിഎൽ എക്കണോമി 9.20. പിന്നെയുള്ളതാണ് ഉമേഷ് യാദവ്. കഴിഞ്ഞ സീസണിൽ കളിച്ചത് 11 മാച്ചുകൾ. അതിൽ നിന്ന് ലഭിച്ചത് 8 വിക്കറ്റുകൾ. എക്കണോമി 9.81.

ബാംഗ്ലൂർ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റ് ആകെ ചെണ്ടയാണെന്നൊരു ആക്ഷേപം-സത്യമാണ്- കഴിഞ്ഞ സീസണിൽ ഉയർന്നിരുന്നു. എന്നിട്ടും ആ ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിനെ നിലനിർത്തി മികച്ച താരങ്ങളെ പുറത്താക്കിയ ബാംഗ്ലൂർ മാനേജ്മെൻ്റിനിരിക്കട്ടെ ഒന്നൊന്നര കുതിരപ്പവൻ. ഇത്രേം ധൈര്യം മുൻപ് ബാംഗ്ലൂരിൽ മാത്രമേ കണ്ടിട്ടുള്ളൂ. ബാംഗ്ലൂർ ആരാധകരോട് ഒരു അപേക്ഷയുണ്ട്. ഈ സീസണിലെങ്കിലും ‘ഈ സാല കപ്പ് നംഡെ’ എന്ന് മുൻകൂറായി തള്ളരുത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top