മണ്ഡോവി നദിക്കരയിൽ വീണ്ടുമൊരു സിനിമാ മാമാങ്കം; സുവർണ ജൂബിലി നിറവിൽ ഇന്ത്യൻ ചലച്ചിത്ര മേള

വിനോദ സഞ്ചാരികളുടെ പറുദീസയായ ഗോവ ഇനിയുള്ള എട്ട് നാളുകൾ സിനിമാ ലഹരിയിലേക്ക്. മണ്ഡോവി നദീതീരം ലോക സിനിമയുടെ മായിക വലയത്തിൽ അമരാൻ ഒരുങ്ങിക്കഴിഞ്ഞു. ഗോവൻ തലസ്ഥാനമായ പനാജിയിലെ ഐനോക്സ് മൾട്ടിപ്ലക്സും കലാ അക്കാദമിയും ഐഎഫ്എഫ്ഐ സുവർണജൂബിലി പതിപ്പിനായി റെഡ് കാർപെറ്റ് വിരിച്ചു.

എല്ലാ വർഷത്തെയും പോലെ നവംബർ 20 മുതൽ 28 വരെയാണ് ഇത്തവണയും ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേള. ഡോ. ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ അമിതാഭ് ബച്ചൻ മേള ഉദ്ഘാടനം ചെയ്യും. ബോളിവുഡ് സംവിധായകൻ കരൺ ജോഹറാണ് കമന്റേറ്റർ. തെന്നിന്ത്യൻ സൂപ്പർ താരം രജനീകാന്തിനെ ആദരിക്കുന്ന ചടങ്ങുകൂടിയായി ഉദ്ഘാടന സമ്മേളനം മാറും.

ഇത്തവണത്തെ സവിശേഷതകൾ

സുവർണ ജൂബിലി പതിപ്പിന്റെ ഭാഗമായി വ്യത്യസ്തങ്ങളായ ഒട്ടേറെ വിഭാഗങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ‘ദ സോൾ ഓഫ് ഏഷ്യാ റെട്രോസ്പെക്റ്റീവിൽ’ ഏഷ്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള ഏറ്റവും വ്യത്യസ്തങ്ങളായ 50 ചിത്രങ്ങൾ, അൻപത് വനിതാ സംവിധായകരുടെ രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട സിനിമകൾ എന്നിവ കൂടാതെ 76 രാജ്യങ്ങളിൽ നിന്നായി 200 ലധികം ചിത്രങ്ങളാണ് ഐഎഫ്എഫ്ഐയിൽ പ്രദർശിപ്പിക്കുക. സെർബിയൻ സംവിധായകൻ ഗോരാൻ പാസ്‌കലേവികിന്റെ ‘ഡെസ്‌പൈറ്റ് ദ ഫോഗ് ‘(Despite The Fog) ആണ് ഉദ്ഘാടന ചിത്രം.

വിഖ്യാത ഇറാനിയൻ സംവിധായകൻ മൊഹ്‌സിൻ മക്മൽ ബഫ് ആദ്യമായി ഇറ്റാലിയൻ ഭാഷയിൽ സംവിധാനം ചെയ്ത ‘മാർഗെ ആന്റ് ഹെർ മദർ’ (Marghe and her mother) ആണ് മേളയിലെ സമാപന ചിത്രം. ഫിലിംമേക്കർ ഇൻ ഫോക്കസ് ആയി ജാപ്പനീസ് സംവിധായകൻ തകാഷി മിക്ക് മേളയിലെ താര സാന്നിധ്യമായിരിക്കും. അഭിഷേക് ഷാ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ‘ഹെല്ലാരോ’ ആണ് ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം. ഛായാഗ്രാഹകൻ എം ജെ രാധാകൃഷ്ണനോടുള്ള ആദരസൂചകമായി ഡോ. ബിജുവിന്റെ ‘വെയിൽ മരങ്ങൾ’ മേളയിൽ പ്രദർശിപ്പിക്കും.

ഗോവൻ മേളയും മലയാളികളും

നവംബർ മാസത്തിലെ അവസാന ആഴ്ച്ച ഗോവൻ മേളയ്ക്കായി ഉഴിഞ്ഞുവയ്ക്കുന്ന നൂറുകണക്കിന് സിനിമാസ്വാദകരുണ്ട് കേരളത്തിൽ. തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് തിരിക്കുന്ന നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ ഓരോ സ്റ്റേഷനുകളിൽ നിന്നായി സുഹൃത്തുക്കൾ കയറുകയായി. ട്രെയിൻ കാസർഗോഡ് എത്തുമ്പോഴേയ്ക്കും ഗോവൻ ബഗ്സ് ഗ്രൂപ്പിൽ വലിയ വലിയ സിനിമാ ചർച്ചകൾ പൊടിപൊടിക്കുകയായിരിക്കും. അമോസ് ഗിത്തായിയും കിംകി ഡുക്കും മാർത്താ മെസോറസും മക്മൽ ബഫും തുടങ്ങി, നവലിബറൽ സിനിമയിലെ ശൂന്യാവസ്ഥ വരെ വിഷയമാകും. നേരം പുലരുമ്പോഴേക്കും ട്രെയിൻ മഡ്ഗാവും താണ്ടി കർമാലി എന്ന കൊച്ചു സ്റ്റേഷനിൽ എത്തിയിരിക്കും. ഗോവൻ തലസ്ഥാനമായ പനാജിക്ക് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന റെയിൽവേ സ്റ്റേഷനായ കർമാലിയിൽ പക്ഷേ, എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പില്ല.

കൊഴിഞ്ഞുപോക്കിന്റെ നൊമ്പരം

ഗോവൻ മേളയിലെ സ്ഥിര സാന്നിധ്യമായിരുന്ന ഒട്ടേറെ വ്യക്തിത്വങ്ങൾ ഇന്ന് ജീവിച്ചിരിപ്പില്ല. കെ ആർ മോഹനൻ, ലെനിൻ രാജേന്ദ്രൻ, മധു കൈതപ്രം, എം ജെ രാധാകൃഷ്ണൻ, ഗിരീഷ് കർണാട്
ബംഗാളിൽ നിന്നുള്ള ഋതുപർണഘോഷ്… ഇവരെല്ലാം ഈ സംഘത്തിലെ സജീവാംഗങ്ങളായിരുന്നു. ഇവരുടെ അസാന്നിധ്യം തീരാ നൊമ്പരമായി തുടരുന്നു.

ഇനിയുള്ള നാളുകൾ സിനിമാ ലഹരിയിൽ

ലോകസിനിമയുടെ സ്പന്ദനങ്ങളിലേക്ക് പനാജി നഗരം ഇഴചേരുമ്പോൾ ഒരുപാട് സൗഹൃദങ്ങളുടെ കൂടിച്ചേരലുകൾക്കുംകൂടി വേദിയാവുകയാണ് ഇനിയുള്ള എട്ട് നാളുകൾ. മണിലാലിന്റെയും കെ ബി വേണുവിന്റേയും ഉച്ചത്തിലുള്ള ഗാനാലാപനങ്ങൾ, ബാലുശേരി സുധിയുടെ മിമിക്രി, ആകാശവാണി സന്തോഷിന്റെ പൊളിറ്റിക്കൽ സറ്റയർ, ഷാജി ഇഷാരയുടെ ഹോസ്പിറ്റാലിറ്റി… എല്ലാവർഷവും ഗോവൻ മേളയിലെ താരങ്ങളാണിവർ.  നിസാം റാവൂത്തറിന്റെ സിനിമാ സ്വപ്നങ്ങളും സി വി ബാലകൃഷ്ണന്റെ നിറസാന്നിധ്യവും മുണ്ടുടുത്തിറങ്ങുന്ന കറന്റ് ജോണിയിലെ കൗതുകവും മുറപോലെ കുടുംബസമേതം എത്തുന്ന ദീദി ദാമോദരനും പ്രേംചന്ദും അക്കാദമിക വിദഗ്ധരായ വി കെ ജോസഫും സി എസ് വെങ്കിടേശ്വരനും ആടിയും പാടിയും ഏവരെയും ത്രസിപ്പിക്കുന്ന മദ്രാസിലെ മോൻ രവീന്ദ്രനും എല്ലാം – പഴയതുപോലെ തന്നെ മണ്ഡോവി നദിക്കരയിൽ ഒത്തുചേരുന്നു.

മലയാളിയുടെ വിയോജിപ്പുകൾ

പതിവ് തെറ്റിക്കാതെ സംവിധായകൻ ജയരാജ് ഇത്തവണയും ഗോവൻ ഫെസ്റ്റിവലിൽ പങ്കാളിയായുണ്ട്. ജയരാജിന്റെ ‘ശബ്ദിക്കുന്ന കലപ്പ’,  നൊവിൻ വാസുദേവിന്റെ ‘ഇരവിലും പകലിലും ഒടിയൻ’ എന്നീ ചിത്രങ്ങളാണ് നോൺ ഫീച്ചർ വിഭാഗത്തിൽ മലയാള സാന്നിധ്യമായുള്ളത്. ഒന്നിനും കൊള്ളാത്ത ചില ഡോക്യുമെന്ററികളാണ് സ്വാധീന ബലത്തിൽ മലയാളത്തിന്റെ പേര് ചീത്തയാക്കാനായി കടന്നു കൂടിയതെന്ന കടുത്ത വിമർശനം ഉയർന്നു വന്നിട്ടുണ്ട്.

ഇന്ത്യൻ പനോരമ ഫീച്ചർ വിഭാഗം ജൂറി ചെയർമാൻ നമ്മുടെ സ്വന്തം പ്രിയദർശനാണ്. ജൂറി അംഗത്തിന്റെ തന്നെ സിനിമ പനോരമ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള ചങ്കൂറ്റം മലയാളിക്ക് മാത്രമേ ഉണ്ടാകൂ…! അടൂരും ടി വി ചന്ദ്രനും പ്രിയനന്ദനനും രഞ്ജിത്തുമെല്ലാം പുറത്താണെങ്കിലും ജല്ലിക്കട്ടുമായി ലിജോ ജോസ് പെല്ലിശ്ശേരി ഗോവയിൽ ഒരു ഓട്ടം ഓടാൻ സാധ്യതയുണ്ട്. ഇല്ലെങ്കിൽ നമ്മൾ ഓടിക്കും…

അടിക്കുറിപ്പ്: ഫിലിം ഫെസ്റ്റിവലിനായി പനാജിയിലെത്തുന്നവർക്ക് ഇനിയുള്ള എട്ട് ദിനരാത്രങ്ങൾ റവയിൽ മൊരിച്ചെടുത്ത അയല കൂട്ടിയുള്ള ഗോവൻ ചോറിന്റെയും നികുതിയില്ലാത്ത ചഷകങ്ങളുടേയും കാസനോകളിലെ  രാത്രി ജീവിതങ്ങളുടേയും വില കൊടുത്താൽ കിട്ടാത്ത സിനിമാസ്വാദന അനുഭവങ്ങളുടേയും തന്നെയാണ്. ഒരിക്കൽ രുചി അറിഞ്ഞാൽ പിന്നെ വിട്ടുപോകാൻ തോന്നാത്ത മഹാലഹരി…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top