സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 1600 കോടി കിട്ടാത്തത് : തോമസ് ഐസക്ക്

സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക്.
കഴിഞ്ഞ മാസം കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 1600 കോടി സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്നും ഇതാണ് പ്രതിസന്ധിക്ക് കാരണമെന്നും ധനമന്ത്രി പറഞ്ഞു. വിഡി സതീശന്റെ ആരോപണത്തിന് മറുപടിയായായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഈ വർഷത്തെ അംഗീകൃത അടങ്കലിൽ നിന്ന് 6500 കോടി കേന്ദ്രം കുറച്ചു. സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും വികസന പദ്ധതികൾ 43.3 ശതമാനം പൂർത്തിയാക്കിയിട്ടുണ്ടെന്ന് തോമസ് ഐസക്ക് സഭയിൽ പറഞ്ഞു.
Read Also : കുട്ടികള്‍ക്കൊപ്പം ആടിപ്പാടി അധ്യാപിക; വീഡിയോ പങ്കുവച്ച് തോമസ് ഐസക്ക് അടക്കം ആയിരങ്ങള്‍
സാമ്പത്തിക പ്രതിസന്ധി വികസന ക്ഷേമ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും
സംസ്ഥാനത്തിന്റെത് മികച്ച ധനകാര്യ മാനേജ്‌മെന്റാണെന്നും ധനമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര നയമാണെന്നും കേന്ദ്രത്തെ കുറ്റപ്പെടുത്തി ഒരു വാക്കു പറയാൻ പ്രതിപക്ഷം തയാറാകാത്തത് മോശമാണെന്നും തോമസ് ഐസക്ക് പറഞ്ഞു.
സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ധൂർത്തും പിടിപ്പുകേടും ധനകാര്യ മാനേജ്‌മെന്റിലെ പാളിച്ചയുമാണെന്നും വിഡി സതീശൻ സഭയിൽ പറഞ്ഞിരുന്നു. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അടിയന്തര പ്രമേയത്തിനുള്ള അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങി പോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here