തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊമ്പുകോർത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ലേബർ പാർട്ടി സ്ഥാനാർത്ഥി ജെറമി കോർബിനും

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊമ്പുകോർത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ലേബർ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ജെറമി കോർബിനും. ഡിസംബർ 12ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യ ടെലിവിഷൻ തെരഞ്ഞെടുപ്പ് സംവാദത്തിൽ പങ്കെടുക്കവെയാണ് ബ്രെക്സിറ്റിനെച്ചൊല്ലി ഇരു നേതാക്കൾക്കുമിടയിൽ വാക്കുതർക്കമുണ്ടായത്.

ബ്രെക്സിറ്റ് എന്ന ദേശീയ ദുരിതം അവസാനിപ്പിക്കുമെന്ന ഉറപ്പാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നൽകിയത്. വിഭജനവും പ്രതിബന്ധവും മാത്രമാണ് ലേബർ പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ, എങ്ങിനെയെങ്കിലും ബ്രെക്സിറ്റ് നടപ്പാക്കിയാൽ മതിയെന്ന ജോൺസന്റെ നിലപാടിനെ കടന്നാക്രമിച്ചുകൊണ്ടാണ് ജെറമി കോർബിൻ സംസാരിച്ചത്. ജോൺസൺ ഉണ്ടാക്കിയ കരാർ കീറിക്കളഞ്ഞ് കൂടുതൽ ജനപ്രിയമായ മറ്റൊരു കരാർ യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കുമെന്ന് കോർബിൻ പറഞ്ഞു.

ബ്രെക്സിറ്റിന് ശേഷം ബ്രിട്ടന്റെ ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി അമേരിക്കൻ കമ്പനികളെ ഏൽപ്പിക്കാനാണ് ജോൺസൺ ശ്രമിക്കുന്നതെന്ന് കോർബിൻ ആരോപിച്ചു. അതിന് തെളിവായി അമേരിക്കയുമായി പുതിയ സർക്കാർ നടത്തിയ രഹസ്യ യോഗങ്ങളുടെ വിശദാംശങ്ങൾ അദ്ദേഹം പങ്കുവെച്ചു. എന്നാൽ വ്യാപാര ചർച്ചകളിൽ എവിടെയും ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി ഒരു വിലപേശൽ ശക്തിയായി മാറില്ലെന്നാണ് ബോറിസ് ജോൺസൺ ഇതിന് നൽകിയ മറുപടി.

അതേസമയം, ടെലിവിഷൻ സംവാദത്തിൽ ആരാണ് മേൽക്കൈ നേടിയതെന്ന തർക്കം രാഷ്ട്രീയവൃത്തങ്ങളിൽ രൂക്ഷമാണ്. സംവാദത്തെക്കുറിച്ച് അഭിപ്രായമില്ലെന്നും ഇരുനേതാക്കളും പ്രധാനമന്ത്രിയാകാൻ യോഗ്യരല്ലെന്നാണ് സംവാദം തെളിയിച്ചതെന്നും സ്‌കോട്ടിഷ് നാഷണൽ പാർട്ടി നേതാവ് നിക്കോള സ്റ്റർജിയോൺ പറഞ്ഞു. ജോൺസന്റെയും കോർബിന്റെയും പ്രകടനം ലിബറൽ ഡെമോക്രാറ്റ് നേതാവ് ജോ സ്വിൻസൺ തള്ളിക്കളഞ്ഞു. സംവാദം എന്ന പേരിൽ നടന്നത് വെറും വാചാടോപം മാത്രമായിരുന്നുവെന്ന് സ്വിൻസൺ പറഞ്ഞു.

British Prime Minister,Labor candidate Jeremy Corbyn

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top