Advertisement

വിട്ടു വീഴ്ചയില്ലാതെ കൊച്ചി കോർപ്പറേഷൻ; ബ്ലാസ്റ്റേഴ്സ് നാടു വിട്ടേക്കും

November 20, 2019
Google News 0 minutes Read

കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടാനുള്ള സാധ്യത ഏറുന്നു. ക്ലബിനോടുള്ള നിലപാടിൽ കൊച്ചി കോർപ്പറേഷനെടുക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ക്ലബിൻ്റെ കൊച്ചിയിലെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നത്. സർക്കാരിൻ്റെ നേതൃത്വത്തിൽ പ്രശ്ന പരിഹാരത്തിനു ശ്രമിച്ചു കൊണ്ടിരിക്കെയാണ് കോർപ്പറേഷൻ്റെ ശാഠ്യം വീണ്ടും ഇക്കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടാക്കുന്നത്.

കൊച്ചിയിൽ നടക്കുന്ന മത്സരങ്ങളുടെ വിനോദനികുതി നൽകണമെന്ന് ചൂണ്ടിക്കാട്ടി ക്ലബിന് കോർപ്പറേഷൻ നോട്ടിസ് നൽകിയിരിക്കുകയാണ്. ഇതുവരെ വിറ്റഴിച്ച ടിക്കറ്റുകളുടെ എണ്ണം കൃത്യമായി അറിയിച്ച് ഇതിനുള്ള വിനോദനികുതി 24 മണിക്കൂറിനകം അടക്കണമെന്നാണ് കോർപ്പറേഷൻ്റെ അന്ത്യശാസനം. ഇതുവരെ കോർപ്പറേഷൻ്റെ സീൽ പതിപ്പിക്കാതെയാണ് ടിക്കറ്റുകൾ വില്പന നടത്തിയതെന്നും ആ പ്രവണത ഇനി തുടരാനാവില്ലെന്നും ക്ലബിനോട് കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ അനുസരിച്ചില്ലെങ്കിൽ തുടർന്നുള്ള മത്സരങ്ങൾ നടത്താൻ അനുമതി നൽകില്ലെന്നും മേയർ സൗമിനി ജെയിൻ മുന്നറിയിപ്പ് നൽകുന്നു.

നേരത്തെ മന്ത്രി ഇപി ജയരാജൻ്റെ നേതൃത്വത്തിൽ പ്രശ്ന പരിഹാരത്തിന് രണ്ടംഗ സമിതി രൂപീകരിച്ചിരുന്നു. കൊച്ചി സ്റ്റേഡിയത്തിലെ അടുത്ത മത്സരം ഡിസംബർ ഒന്നിനാണ്. അതിനു മുൻപ് പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചിരുന്നു.

സ്റ്റേഡിയത്തിൻ്റെ വാടക കുറക്കുക. സ്റ്റേഡിയം ദീർഘകാലത്തേക്ക് വിട്ടുനൽകുക എന്നീ രണ്ട് ആവശ്യങ്ങളാണ് ബ്ലാസ്റ്റേഴ്സ് പ്രധാനമായും മുന്നോട്ടു വെച്ചത്. എന്നാൽ ഈ രണ്ട് ആവശ്യങ്ങളും ജിസിഡിഎ നിരസിച്ചിരുന്നു. ഓരോ മത്സരത്തിലും സുരക്ഷക്കായി 9 ലക്ഷം രൂപ പൊലീസ് ഈടാക്കുന്നത് കുറയ്ക്കണമെന്ന ആവശ്യം ആഭ്യന്തര വകുപ്പുമായി ചർച്ച ചെയ്ത് തീരുമാനിക്കാനും യോഗത്തിൽ തീരുമാനമായിരുന്നു.

അധികൃതരുമായുള്ള തര്‍ക്കമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടുന്നതിനേക്കുറിച്ച് ആലോചിക്കുന്നതിന് കാരണമായത്. ഐഎസ്എല്‍ മത്സര സമയങ്ങളില്‍ കൊച്ചി കോര്‍പ്പറേഷന്‍, ജിസിഡിഎ, പൊലീസ്, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്ന് ക്ലബിനെ പിഴിയുന്നുവെന്ന് ആരോപിച്ചായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here