ഗെയിമിങ്ങിലെ വൈഭവം മൂലം യുവാവിനെ അനലിസ്റ്റായി നിയമിച്ചു; തോൽവിയറിയാതെ കുതിച്ച് സെർബിയൻ ഫുട്ബോൾ ക്ലബ്
നമ്മുടെ സൗഹൃദവലത്തിൽ ഗെയിമിങ് അഡിക്ടായവർ ഉണ്ടാവും. പലപ്പോഴും നമ്മൾ അവരെ പിന്തിരിപ്പിക്കും. എന്നാൽ ഗെയിം കളിച്ച് ജോലി ലഭിക്കാനുള്ള സാധ്യത ഉണ്ടെങ്കിലോ? സത്യമാണ്. ഫുട്ബോൾ ഗെയിം കളിച്ച് ശരിക്കുള്ള ഫുട്ബോൾ ടീമിൽ ജോലി ലഭിച്ച ഒരു യുവാവിനെപ്പറ്റിയാണ് പറയാനുള്ളത്.
സെർബിയക്കാരൻ ആന്ദ്രേ പാവ്ലോവിച് ‘ഫുട്ബോൾ മാനേജർ’ എന്ന ലോകപ്രശസ്ത മാനേജ്മെൻ്റ് സിമുലേഷൻ ഗെയിമിൻ്റെ അഡിക്ടായിരുന്നു. നമ്മളിൽ ചിലരൊക്കെ അത് കളിച്ചിട്ടുണ്ടാവും. നമ്മളെപ്പോലെയല്ല, പാവ്ലോവിച് ഗെയിമിൽ ഗംഭീര പ്രകടനമായിരുന്നു. സെർബിയയിലെ രണ്ടാം ഡിവിഷൻ ക്ലബായ എഫ്കെ ബെസാനിജയെ ഗെയിമിലെ ടീമായി തിരഞ്ഞെടുത്ത പാവ്‌ലോവിച്ച് തൻ്റെ ടീമിനെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ വരെ എത്തിച്ചു. ഞാനാള് കൊള്ളാമല്ലോ എന്ന് തോന്നിയ പാവ്ലോവിച് തന്നെപ്പറ്റി വിശദമായ ഒരു കുറിപ്പെഴുതി അതേ ക്ലബിനു തന്നെ ഒരു ഇ-മെയിൽ അയച്ചു.
ആ സമയത്ത്, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട ക്ലബ് രണ്ടാം ഡിവിഷനിൽ നിന്ന് തരം താഴ്ത്തപ്പെട്ട് ആറാം ഡിവിഷനിൽ എത്തിയിരുന്നു. എങ്കിലും ക്ലബ് ഡയറക്ടർ പാവ്ലോവിചിനെ കാണാൻ തീരുമാനിച്ചു. ഡയറക്ടറുമായുള്ള യോഗത്തിനിടെ തനിക്ക് ഡേറ്റ അനാലിസിസിലും സ്റ്റാറ്റിക്സിലും അറിവുണ്ടെന്ന് പാവ്ലോവിച് വെളിപ്പെടുത്തി. തനിക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട 22കാരനോട് ഒരു മത്സരത്തിൻ്റെ റിപ്പോർട്ട് തയ്യാറാക്കാൻ ക്ലബ് ഡയറക്ടർ ആവശ്യപ്പെട്ടു. റിപ്പോർട്ടിൽ സംതൃപ്തനായ ഡയറക്ടർ യുവാവിന് ക്ലബിൻ്റെ ഡേറ്റാ അനലിസ്റ്റായി ജോലി നൽകി.
ഒരു മാസം മുൻപാണ് പാവ്ലോവിച് ജോലിയിൽ പ്രവേശിക്കുന്നത്. അതിനു ശേഷം ക്ലബ് ആറു മത്സരങ്ങൾ കളിച്ചു. ഒറ്റ ഒരെണ്ണം പോലും തോറ്റില്ല. അഞ്ച് വിജയവും ഒരു സമനിലയും. പോയിൻ്റ് ടേബിളിൽ 13ആമതായിരുന്ന അവർ ആറാം സ്ഥാനത്തേക്ക് കുതിച്ചു കയറി. പാവ്ലോവിചിനെ ക്ലബ് അധികൃതർക്ക് അങ്ങ് ബോധിച്ചിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ മികവിൽ പ്രകടനം മെച്ചപ്പെടുത്തി ഡിവിഷനിൽ മുന്നേടം നടത്താമെന്നാണ് ക്ലബ് കരുതുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here