‘പള്ളിത്തർക്ക വിഷയങ്ങളിൽ നേതൃത്വത്തിന്റെ നിലപാട് സഭയുടെ യശസിന് കളങ്കമുണ്ടാക്കി’; വിമർശനവുമായി ഓർത്തഡോക്‌സ് പക്ഷത്തെ ഒരു വിഭാഗം വൈദികർ

സഭാ തർക്കത്തിൽ നേതൃത്വത്തെ വിമർശിച്ച് ഓർത്തഡോക്‌സ് പക്ഷത്തെ ഒരുവിഭാഗം വൈദികർ. പള്ളിത്തർക്ക വിഷയങ്ങളിൽ നേതൃത്വത്തിന്റെ നിലപാട് സഭയുടെ യശസിന്
കളങ്കമുണ്ടാക്കിയെന്ന് കുറ്റപ്പെടുത്തിയാണ് വൈദികർ രംഗത്തെത്തിയത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയ്ക്ക് 13 മുതിർന്ന വൈദികർ കത്തയച്ചു. അതേസമയം വൈദികർ നൽകിയ കത്തിലെ ആവശ്യങ്ങൾ ബന്ധപ്പെട്ട സമിതികളിൽ ചർച്ച നടത്തുമെന്ന് ഓർത്തഡോക്‌സ് സഭാ നേതൃത്വം അറിയിച്ചു. സഭയ്‌ക്കെതിരെ നടക്കുന്നത് കുപ്രചാരണമാണെന്നും യൂഹാനോൻ മാർ ദിയസ് കോറസ് മെത്രാപ്പൊലീത്ത കൊച്ചിയിൽ പറഞ്ഞു.
യാക്കോബായ ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങളിൽ രമ്യമായ പരിഹാരമുണ്ടാകണമെന്നാണ് സഭാധ്യക്ഷന് അയച്ച കത്തിൽ വൈദീകർ ചൂണ്ടിക്കാണിക്കുന്നത്. നേതൃത്വം കൈക്കൊള്ളുന്ന പല തീരുമാനങ്ങളും സഭയുടെ അന്തസിന് വിരുദ്ധമാണ്. ശവ സംസ്‌കാരത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ ക്രൈസ്തവ വിരുദ്ധമാണെന്ന് വൈദികർ കത്തിലൂടെ കുറ്റപ്പെടുത്തുന്നു. ഇത്തരം സാഹചര്യങ്ങൾ ഭാവിയിൽ ഒഴിവാക്കാൻ അലിഖിതമായ ഒരു ധാരണയുണ്ടാകണം. സഭാ കാര്യങ്ങളിൽ നേതൃത്വം തെറ്റായ തീരുമാനങ്ങളെടുക്കുന്നുവെന്നും വൈദീകർ ആരോപിച്ചു.
Read Also : കോട്ടയത്ത് രണ്ടിടങ്ങളിൽ ഓർത്തഡോക്‌സ് കുരിശടികൾക്ക് നേരെ കല്ലേറ്
സഭയിലെ സമാധാനവുമായി ബന്ധപ്പെട്ട് പാത്രീയാർക്കീസ് ബാവ അയച്ച കത്തിന് ഉടൻ മറുപടി നൽകണം. ഭരണഘടന പ്രകാരം പാത്രിയാർക്കീസിന് നൽകേണ്ട സ്ഥാനങ്ങൾ കൃത്യമായി നൽകാൻ തയാറാകണമെന്നും വൈദികർ ആവശ്യപ്പെട്ടു. യാക്കോബായ വിശ്വാസികൾ ഇരകളും ഓർത്തഡോക്‌സ് സഭ വേട്ടക്കാരുമെന്ന തോന്നൽ പൊതു സമൂഹത്തിലുണ്ടായെന്നും വൈദികർ കത്തിലൂടെ വിമർശിച്ചു. അതേസമയം സുപ്രിംകോടതി വിധിയുടെ മറവിൽ ഓർത്തഡോക്‌സ് സഭപള്ളികൾ കയ്യേറുന്നു എന്ന പ്രചാരണം ശരിയല്ലെന്ന് യൂഹാനോൻ മാർ ദിയസ് കോറസ് മെത്രാപ്പൊലീത്ത പറഞ്ഞു.
പള്ളി പിടിക്കാനും കയ്യേറാനും ഓർത്തഡോക്‌സ് സഭ പോയിട്ടില്ല. സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ മാത്രമാണ് സഭയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. യാക്കോബായ വിശ്വാസികളുടെ ശവസംസ്‌കാരം തടഞ്ഞിട്ടില്ലെന്നും ഓർത്തഡോക്‌സ് സഭാ നേതൃത്വം വ്യക്തമാക്കി.
Story highlights- orthodox church, church, church dispute
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here