നവകേരള നിര്‍മാണം: ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരുമായും ചര്‍ച്ച നടത്തി മുഖ്യമന്ത്രി

യുവ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരുമായും ചര്‍ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാന കുടിവെള്ള വിതരണ പദ്ധതികള്‍ തമ്മില്‍ ബന്ധിപ്പിക്കണമെന്നും ഒരു പദ്ധതിക്ക് വ്യത്യസ്ത ഉറവിടങ്ങള്‍ ഉണ്ടാകണമെന്നും എന്‍ജിനിയര്‍മാര്‍ നിര്‍ദേശിച്ചു. ചികിത്സയ്‌ക്കൊപ്പം രോഗ പ്രതിരോധത്തിനും ഊന്നല്‍ നല്‍കുന്ന ആരോഗ്യ നയമാണ് കേരളത്തിന് ആവശ്യമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

നവകേരള നിര്‍മിതിയില്‍ അഭിപ്രായം തേടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സര്‍വീസിലെ മുതിര്‍ന്ന എന്‍ജിനിയര്‍മാരും വിരമിച്ച എന്‍ജിനിയര്‍മാരുമായും കൂടിക്കാഴ്ച നടത്തിയത്. പ്രളയം പോലെയുള്ള ദുരന്ത വേളകളില്‍ കുടിവെള്ള വിതരണം തടസമില്ലാതെ നടത്തുന്നതിന് പ്രധാന കുടിവെള്ള വിതരണ പദ്ധതികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് എന്‍ജിനിയര്‍മാര്‍ അഭിപ്രായപ്പെട്ടു. പ്രളയസാഹചര്യത്തില്‍ കനാലുകള്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കേണ്ടതുണ്ട്. ഇതിനായി ചെറിയ ഡ്രഡ്ജറുകള്‍ ലഭ്യമാക്കണം.

കാലാവസ്ഥയും കൂടി പരിഗണിച്ചാകണം നിര്‍മാണ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ തയാറാക്കേണ്ടത്. സോളാര്‍ പദ്ധതി വിപുലമാക്കണമെന്നും റോഡ് സുരക്ഷാ ഓഡിറ്റ് നിര്‍ബന്ധമാക്കണമെന്നും എന്‍ജിനിയര്‍മാര്‍ അഭിപ്രായപ്പെട്ടു. ചികിത്സയ്‌ക്കൊപ്പം രോഗപ്രതിരോധത്തിനും ഊന്നല്‍ നല്‍കുന്ന ആരോഗ്യനയമാണ് കേരളത്തിന് ആവശ്യമെന്നും സംസ്ഥാനത്തിന് ആരോഗ്യ വിദ്യാഭ്യാസം അത്യാവശ്യമാണെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണമാകുന്ന ജങ്ക് ഫുഡ് സ്‌കൂള്‍ കാന്റീനുകളില്‍ നിന്ന് ഒഴിവാക്കണം. പ്രമേഹവും രക്തസമ്മര്‍ദവും നിയന്ത്രണാധീതമാകുന്ന സാഹചര്യത്തില്‍ ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ, ആരോഗ്യസേന എന്നിവരെ ഉപയോഗിച്ച് ഇവ നിയന്ത്രിക്കുന്നതിന് നടപടിയെടുക്കണമെന്നും നിര്‍ദേശമുയര്‍ത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top