സിനിമയുടെ ചിത്രീകരണ വേളയിൽ അനുഭവിച്ചത് കടുത്ത മാനസിക പീഡനം; പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ; വിശദീകരണവുമായി ഷെയ്ൻ നിഗം

വെയിലിന്റെ ചിത്രീകരണവുമായി സഹകരിക്കുന്നില്ലെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ഷെയ്ൻ നിഗം. പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്ന് ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചു.

വെയിൽ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തീകരിക്കാൻ 24 ദിവസങ്ങൾ വേണ്ടി വരും. വെയിലിന് വേണ്ടി തന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂർത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയിൽ താൻ അനുഭവിച്ചുവന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയുമുണ്ടെന്ന് ഷെയ്ൻ പറയുന്നു. വെയിൽ സിനിമയുടെ ചിത്രീകരണത്തിൽ പങ്കെടുത്ത സമയ വിവരങ്ങളും ഷെയ്ൻ പോസ്റ്റിനൊപ്പം പങ്കുവച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഷെഹ്‌ല എന്ന പൊന്നുമോൾടെ വേർപാടിൽ ആണ് കേരളം എന്നറിയാം.. എന്നിരുന്നാലും തെറ്റായ വാർത്തകൾ പ്രചരിക്കുമ്പോൾ പറയാതെ വയ്യല്ലോ. എനിക്ക് പ്രിയപ്പെട്ട പ്രേക്ഷകരോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. കഴിഞ്ഞ നാളുകളിലെ വിവാദങ്ങളും അതിന് ശേഷം ഉണ്ടായ പ്രശ്‌ന പരിഹാരങ്ങളും നിങ്ങൾക്ക് അറിയാമല്ലോ. സംഘടന ഇടപെട്ട് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തന്നെ ഖുർബാനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം 16-11-2019ൽ വെയിൽ എന്ന സിനിമയുടെ ചിത്രീകരണത്തിൽ ഞാൻ ജോയിൻ ചെയ്തു. പ്രസ്തുത സിനിമയുടെ ചിത്രീകരണത്തിൽ ഞാൻ സഹകരിക്കുന്നില്ല എന്ന തരത്തിൽ വന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. സിനിമക്ക് ചിത്രീകരണം പൂർത്തീകരിക്കാൻ 24 ദിവസങ്ങൾ വേണ്ടി വരും. വെയിൽ എന്ന സിനിമക്ക് എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂർത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയിൽ ഞാൻ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര തന്നെ ഉണ്ട്.

വെയിൽ സിനിമയുടെ ചിത്രീകരണത്തിൽ ഞാൻ പങ്കെടുത്ത സമയം വിവരം

16þ11þ2019 8.30AM 6.00 PM
17-11-2019 5.00AM 9.00 PM
18-11-2019 9.30AM 9.00 PM
19-11-2019 10.00 TO 20-11-2019 2.00 AM
20-11-2019 4.30PM TO 21-11-2019 2.00AM

രണ്ടുമണിക്ക് ശേഷം റൂമിലേക്ക് മടങ്ങിയ എനിക്ക് ചിത്രീകരണം ഉള്ളത് 21-11-2019 ഉച്ചക്ക് 12നാണ്. രാവിലെ 8 മണിക്ക് വെയിൽ സിനിമയുടെ സംവിധായകൻ ശരത്ത് എന്റെ അമ്മയെ ടെലിഫോണിൽ വിളിക്കുകയും ‘ഈ സ്വഭാവം ആണെങ്കിൽ പാക്കപ്പ് വിളിക്കാൻ ആണ് എന്നോട് പറഞ്ഞിരിക്കുന്നത്’ എന്നും പറഞ്ഞു. ഈ സിനിമ പൂർത്തിയാക്കുന്നതിന് വേണ്ടി ആത്മാർത്ഥതയോടെ എത്രത്തോളം ഞാൻ കഷ്ടപെടുന്നു എന്നുണ്ടെങ്കിലും ഒടുവിൽ പഴികൾ മാത്രമാണ് എനിക്ക് ലഭിക്കുന്നത്. പല ഗെറ്റപ്പുകളും വ്യത്യസ്ത ഇമോഷൻസുകൾക്കും സാന്നിധ്യമുള്ള ഓരോ ദിവസങ്ങളും വിശ്രമമില്ലാതെ പൂർത്തിയാക്കാൻ സാധിക്കുന്നതല്ല. ഒരു മനുഷ്യൻ എന്ന നിലയിൽ അൽപം വിശ്രമിക്കാനുള്ള ആവശ്യകത മാത്രമേ ഞാൻ ഉടനീളം ആവശ്യപെട്ടിരുന്നുള്ളൂ. തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ മാത്രമാണ് ഇത്തരത്തിൽ ഒരു കുറിപ്പ് എഴുതിയത്. നിങ്ങൾ എങ്കിലും സത്യം മനസ്സിലാക്കണം.

Read also: ഷെയ്ൻ നിഗമിനെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top